'അങ്ങനെയെങ്കിൽ അമ്മയിൽ നിന്ന് ദിലീപിനെ എന്തിനാണ് പുറത്താക്കിയത്? അതിൽ ഒരു അർത്ഥവുമില്ല' 

Wednesday 30 July 2025 12:41 PM IST

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിൽ ആരോപണവിധേയർ മത്സരിക്കുന്നതിനെതിരെ നടി ശ്രീലത നമ്പൂതിരി. ആരോപണവിധേയർ മത്സരിക്കുന്നതിനെതിരെ നടി മാലാ പാർവ്വതി, മല്ലികാസുകുമാരൻ എന്നിവർ നിലപാടെടുത്തതിന് പിന്നാലെയാണ് ശ്രീലതാ നമ്പൂതിരി ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണവിധേയർ തിരഞ്ഞെടുപ്പിൽ നിന്ന് സ്വയം മാറിനിൽക്കണമെന്ന് നടി വ്യക്തമാക്കി.

'ആരോപണവിധേയർക്ക് ഭാരവാഹിയാകാമെങ്കിൽ പിന്നെ ദിലീപിനെ എന്തിനാണ് മാറ്റിനിർത്തിയത്. ദിലീപിനെ പുറത്താക്കിയതിന് ഒരു അർത്ഥമില്ല. ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇതൊക്കെ അറിഞ്ഞു ചെയ്യേണ്ടതാണ്. നമ്മൾ അങ്ങനെ ചെയ്യാൻ പാടില്ല. അദ്ദേഹം മത്സരിച്ച് ജയിച്ചാൽ വീണ്ടും മറ്റൊരു വിവാദം വരും. വീണ്ടും ഇങ്ങനെയുള്ള ആൾക്കാരെ കൊണ്ടുവരികയാണോ എന്ന ചോദ്യം വരും'- ശ്രീലത നമ്പൂതിരി പറഞ്ഞു.

'അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന ഇതുപോലൊരു സംഘടന വേറെയില്ല. അംഗങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പറയേണ്ടത് ഭാരവാഹികളോടാണ്. ഒരു സംഘടനയിലിരിക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങളുണ്ടാകും. ഒരുപാട് പേരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടക്കണം. പ്രശ്നങ്ങൾ നമ്മൾ കേൾക്കണം. അപ്പോൾ ഇതിനകത്ത് നിന്നുള്ളവർ പല തെറ്റുകൾ ചെയ്യുമ്പോൾ ആദ്യം ചോദിക്കുന്നത് പ്രസിഡന്റിനോടാണ്. ഈ കേസും വഴക്കുമുള്ളവരെ നമ്മൾ വീണ്ടും ഇലക്ഷന് നിർത്തുകയാണെന്ന് വച്ചാൽ, അത് ആൾക്കാർ ചോദ്യം ചെയ്യും'- നടി പറഞ്ഞു.