കേസ് പരിഗണിക്കാൻ അധികാരമില്ല; ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യഹർജി എൻഐഎ കോടതിയിലേക്ക്

Wednesday 30 July 2025 12:53 PM IST

റായ്‌പൂർ: ഛത്തീസ്ഗഡിൽ അറസ്​റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. തുടർനടപടികൾക്കായി കേസ് ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാ​റ്റി. കന്യാസ്ത്രീകൾക്കെതിരെ മനുഷ്യക്കടത്തടക്കമുളള ഗുരുതര കു​റ്റങ്ങൾ എഫ്ഐആറിൽ ചുമത്തിയ പശ്ചാത്തലത്തിലാണ് കേസ് എൻഐഎയ്ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും സെഷൻസ് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലൊരു കേസ് സെഷൻസ് കോടതിക്ക് പരിഗണിക്കാൻ അധികാരമില്ലാത്തുകൊണ്ടാണ് നടപടി. സഭാ നേതൃത്വത്തിന്റെ അഭിഭാഷകരടക്കം കോടതിയിൽ കന്യാസ്ത്രീകൾക്കായി ഹാജരായിരുന്നു.

കഴിഞ്ഞ വെളളിയാഴ്ചയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ സഹായത്തിനായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇവിടെ പെൺകുട്ടികൾ കന്യാസ്ത്രീകളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെൺകുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റില്ലായിരുന്നു.

തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാൻ കന്യാസ്ത്രീകൾ എത്തുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് ബജ്‌റംഗ്‌ദൾ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെൺ‌കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ആളുകൾ ആരോപിക്കുകയായിരുന്നു.

ഇതിനിടയിൽ കന്യാസ്ത്രീകളെ ബജ്‌റംഗ്‌ദൾ പ്രാദേശിക നേതാവ് ജ്യോതി ശർമ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മിണ്ടരുത്, മിണ്ടിയാൽ മുഖമടിച്ചുപൊളിക്കും എന്ന രീതിയിലായിരുന്നു നേതാവിന്റെ ഭീഷണി. പൊലീസ് സ്റ്റേഷനുള്ളിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണ. പൊലീസ് ഉദ്യോഗസ്ഥർ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നതും വീഡിയോയിൽ കാണാം. യുട്യൂബ് വിഡിയോ ഷൂട്ട് ചെയ്യാനായി വയർലെസ് മൈക്കും ജ്യോതി വസ്ത്രത്തിൽ ധരിച്ചിരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. ദ്വയാർത്ഥ പ്രയോഗത്തിലുളള ചോദ്യങ്ങളാണ് അവർ കന്യാസ്ത്രീകളോട് ചോദിച്ചത്.