വലംവച്ചൊഴുകുന്ന അരുവി മഴക്കാലത്ത് നാലമ്പലത്തിന് ഉള്ളിലെത്തും,​ വിചിത്രവും സുന്ദരവുമാണ് ഈ ക്ഷേത്രം

Wednesday 30 July 2025 3:32 PM IST

മലകൾക്ക് മുകളിലും കടലോരത്തും പാറപ്പുറത്തുമെല്ലാം ഓരോ പ്രത്യേകതകൾ നിറഞ്ഞ ദേവാലയങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ശബരിമല ക്ഷേത്രം, തിരുച്ചെന്തൂർ മുരുകക്ഷേത്രം, പഴനി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം,​ മണികെട്ടാൻ കോവിൽ തുടങ്ങി ആചാരങ്ങൾ കൊണ്ടും ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ കൊണ്ടും വ്യത്യസ്‌തതകൾ നിറഞ്ഞ നിരവധി ക്ഷേത്രങ്ങൾ നമ്മൾ മലയാളികൾക്കറിയാം. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടിയ ഒന്നാണ് അരുവിക്കൽ ശ്രീ ശിവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം.

റീൽസുകൾ വഴിയും സോഷ്യൽ മീഡിയ സ്റ്റാറ്റസുകൾ വഴിയും നമ്മൾ അടുത്ത കാലത്തായി ഏറെ അറിഞ്ഞ ഈ ക്ഷേത്രം കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പഞ്ചായത്തിലെ കളത്തൂരിലാണ് ഉള്ളത്. ക്ഷേത്ര മുറ്റത്ത് തന്നെയെന്ന് പറയാവുന്ന അരുവിയാണ് ക്ഷേത്രത്തിന് അരുവിക്കൽ എന്ന പേരിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. ഈ അരുവി മുറിച്ചുകടന്നുവേണം ക്ഷേത്രമതിൽക്കെട്ടിലെത്താൻ. മുറിച്ചുകടക്കുന്ന ഭാഗത്തിന് അൽപംകൂടി മുന്നിലേക്ക് പോയാൽ ഭംഗിയേറിയ ഒരു വെള്ളച്ചാട്ടവും കാണാം. പ്രശാന്തമായ ഈ അന്തരീക്ഷം കണ്ടുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഏതൊരു ഭക്തനും മനഃസായൂജ്യം ലഭിക്കുമെന്ന് ഇവിടുത്തുകാർ സാക്ഷ്യപ്പെടുത്തുന്നു.

അരുവിക്കൽ ക്ഷേത്രത്തിൽ ശിവനാണ് മുഖ്യപ്രതിഷ്‌ഠ,​ തൊട്ടുപിന്നിലായി ഗണപതി ഭഗവാനും വലതുവശത്ത് പത്നീപുത്ര സമേതനായി ശാസ്‌താവുമുണ്ട്,​ അതിനുപിന്നിലായി നാഗങ്ങളുടെ പ്രതിഷ്‌ഠയുമുണ്ട്. ശിവന് ഇടതുവശത്തായി സുബ്രഹ്‌മണ്യ സ്വാമി പ്രതിഷ്‌ഠയുണ്ട്. അതിനുപിറകിൽ ഭദ്രകാളി പ്രതിഷ്‌ഠയാണ്.

ക്ഷേത്രം ഈ മനോഹരമായ പ്രദേശത്ത് സ്ഥാപിക്കപ്പെടാൻ ഇടയായ കഥ ഇങ്ങനെയാണ്. വില്വമംഗലം സ്വാമിയാർ ഒരിക്കൽ ഏറ്റുമാനൂർ വഴി കടന്നുവന്നപ്പോൾ ഇവിടം ശിവചൈതന്യം കാണുകയും താൽക്കാലികമായി ഒരു ക്ഷേത്രം ഗുഹയ്‌ക്കുള്ളിൽ സ്ഥാപിച്ച് പൂജിക്കുകയും ചെയ്‌തു. പിന്നീട് ഗുഹ അടഞ്ഞുപോയപ്പോൾ ക്ഷേത്രമായി മാറി. ഏറ്റുമാനൂർ വലിയടത്ത് ശ്രീധരൻ മൂസതിന്റെ ഉടമസ്ഥതയിലാണ് ഈ ക്ഷേത്രമുള്ളത്. 2015ൽ ഇവിടം പുനഃപ്രതിഷ്‌ഠ നടത്തി ഇന്നുകാണും പോലെ മനോഹരമാക്കി മാറ്റി.

മഴക്കാലത്ത് അരുവി നിറഞ്ഞൊഴുകി ക്ഷേത്ര മതിൽക്കകത്ത് എത്തുകയും നാലമ്പലത്തിൽ പ്രവേശിക്കുകയും ചെയ്യും. ഇത് കാണാനായും നിരവധി ഭക്ത‌ർ ഇവിടെയെത്താറുണ്ട്. മഹാശിവരാത്രിക്കാലമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവകാലം. അന്ന് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളുടെ സമയത്ത് ദേശതാലപ്പൊലി നടക്കുന്നു. ചാലപ്പള്ളി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം,​ ചെറുവള്ളിയിൽ കാവ് ദേവീ ക്ഷേത്രത്തിൽ നിന്നും ഇവിടെ താലപ്പൊലി എത്തുന്നു. കാളിക്കാവ് സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ നിന്നും കാവടി ഘോഷയാത്രയും ഇവിടെയെത്തും.