നെല്ല് കുടിശിക : ഇനിയും കിട്ടാനുണ്ട് 63 കോടി
കോട്ടയം : ആറുമാസം മുൻപ് സപ്ലൈകോ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് ജില്ലയിൽ മാത്രം ഇനിയും കിട്ടാനുള്ളത് 63.40 കോടി രൂപ. 100 കോടി രൂപ ധനകാര്യ വകുപ്പ് സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന തലത്തിൽ ഇത് വിതരണം ചെയ്യേണ്ടതിനാൽ ചെറിയ വിഹിതമേ കോട്ടയത്തെ കർഷകർക്ക് ലഭിക്കൂ. ചുരുക്കത്തിൽ പണത്തിനായി ഭൂരിപക്ഷം കർഷകരും ഇനിയും കാത്തിരിക്കണം. തുടർച്ചയായി മൂന്നാമതും വെള്ളം പൊങ്ങിയതോടെ അടുത്ത കൃഷിയ്ക്ക് കടം വാങ്ങി നിലം ഒരുക്കിയവർക്കും വിതച്ചവർക്കും വൻനഷ്ടമാണ് ഉണ്ടായത്. ഞാറ് നടേണ്ട സമയം തെറ്റിയതോടെ അടുത്ത കൃഷിയും പ്രതിസന്ധിയിലായി. എസ്.ബി.ഐ, കാനറാ ബാങ്കുകൾ വഴിയാണ് സംഭരിച്ച നെല്ലിന്റെ പണം നൽകുന്നത്. കാനറാ ബാങ്കിൽ നിന്ന് പി.ആർ.എസ് അനുസരിച്ച് പണം ലഭിച്ചു. എസ്.ബി.ഐയും സർക്കാരും തമ്മിലുള്ള വായ്പാ പലിശ നിരക്ക് തർക്കം ഒത്തുതീർപ്പായതോടെ ഏപ്രിൽ 30 വരെയുള്ള പേ ഓർഡറുകൾ പാസാക്കിയിട്ടുണ്ട്.
സർക്കാർ കണക്ക് ശരിയല്ല
ഫെബ്രുവരി - മേയ് വരെ 62385.72 ടൺ നെല്ലാണ് സംഭരിച്ചത്. 176.67 കോടി രൂപ നൽകാനുള്ളതിൽ 113 കോടി രൂപ നൽകിയെന്നാണ് സർക്കാർ അവകാശപ്പെടുന്നതെങ്കിലും കർഷകർ അംഗീകരിക്കുന്നില്ല. കൂടുതൽ പണം കിട്ടാനുണ്ടെന്നും വിരിപ്പു കൃഷിയായിട്ടും പണം ഇത്രയും നീളുന്നത് ആദ്യമാണെന്നാണ് കർഷകർ പറയുന്നു.
കുടിശിക ഇങ്ങനെ (താലൂക്ക് തിരിച്ച്)
കോട്ടയം : 34.04 കോടി
ചങ്ങനാശേരി : 19.41 കോടി
വൈക്കം : 8.71 കോടി
മീനച്ചിൽ : 1.32 കോടി
കാഞ്ഞിരപ്പള്ളി : 7.36 ലക്ഷം
''കാലാവസ്ഥാ വ്യതിയാനം കാരണം പുഞ്ചക്കൃഷി വൈകി. ഇനി കൃഷിയിറക്കിയാൽ കൊയ്‌ത്ത് വൈകുമെന്നതിനാൽ പലർക്കും താത്പര്യമില്ല. സപ്ലൈക്കോ നെല്ല് സംഭരിച്ചതിന്റെ പണം കിട്ടാത്തതിനാൽ പലരും കടക്കെണിയിലാണ്.
-സദാശിവൻ (നെൽ കർഷകൻ)