കക്കാട് പുരസ്‌കാരം പോരൂർ ഉണ്ണിക്കൃഷ്ണൻ മാരാർക്ക്

Thursday 31 July 2025 12:00 AM IST

തൃശൂർ: കക്കാട് വാദ്യകലാക്ഷേത്രത്തിന്റെ കക്കാട് പുരസ്‌കാരം തായമ്പക വിദഗ്ദ്ധൻ പോരൂർ ഉണ്ണിക്കൃഷ്ണൻ മാരാർക്കും കലാചാര്യ പുരസ്‌കാരം ചെണ്ട കലാകാരൻ ശുകപുരം രാധാകൃഷ്ണനും സമ്മാനിക്കുമെന്ന് ഭാരവാഹികൾ. പൊന്നാടയും കാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് പത്തിന് രാവിലെ ഒമ്പതിന് കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്‌കൂളിൽ നടക്കുന്ന 25-ാം വാർഷിക പൊതുയോഗം 'പഞ്ചവിംശതി'യിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പഞ്ചവിംശതി പുരസ്‌കാരം തിരുവല്ല രാധാകൃഷ്ണൻ (ചെണ്ട), കോട്ടപ്പടി സന്തോഷ് മാരാർ (ചെണ്ട), ഏഷ്യാഡ് ശശി മാരാർ (ഇലത്താളം), കിഴൂട്ട് നന്ദനൻ (കുറുംകുഴൽ), മച്ചാട് മണികണ്ഠൻ (കൊമ്പ്) എന്നിവർക്ക് സമ്മാനിക്കും. കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻമാരാർ, ഡോ. ടി.എ. സുന്ദർമേനോൻ, കൂനത്തറ രാമചന്ദ്രൻ പുലയവർ, കലാമണ്ഡലം ക്ഷേമാവതി എന്നിവർ ചേർന്ന് പഞ്ചവിംശതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. പ്രസിഡന്റ് കക്കാട് രാജപ്പൻ മാരാർ, സെക്രട്ടറി കെ.സുരേഷ് കുറുപ്പ്, ജനറൽ കൺവീനർ മധു കെ.നായർ, ട്രഷറർ എം.കെ.ബിജു മാരാർ, ജോയിന്റ് കൺവീനർ വിഷ്ണു വടക്കേക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.