വിലക്കയറ്റത്തിൽ മത്സരിച്ച് തേങ്ങയും വെളിച്ചെണ്ണയും
ആറ്റിങ്ങൽ: തേങ്ങയുടെ വില 80 കടന്നു, തൊട്ടുപിന്നാലെ ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വില്പന വില 550 രൂപ മുതൽ 590 രൂപ വരെയായി. പരമാവധി വില്പന വിലയായി 675 രൂപയാണ് മിക്ക ബ്രാൻഡുകളും കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാൻഡഡ് വെർജിൻ വെളിച്ചെണ്ണയുടെ വില 700 രൂപ മുതൽ 850 രൂപ വരെയാണ്. വെളിച്ചെണ്ണയുടെ വില വർദ്ധിച്ചപ്പോൾ മറ്റ് പാചക എണ്ണകൾ തലപൊക്കിയെങ്കിലും അവയും വിലവർദ്ധനവിൽ പിന്നാലെയുണ്ട്. പിടിവിട്ടുപോയ എണ്ണവില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന മന്ത്രിമാരുടെ വാഗ്ദാനങ്ങൾക്കിടയിലും കുതിച്ചുയരുകയാണ് വെളിച്ചെണ്ണ വില.
ബ്രാൻഡഡ് എണ്ണ വില( ലിറ്ററിന്)
1.റൈസ് ബ്രാൻ ഓയിൽ, 157 മുതൽ 185 രൂപ വരെ
2.സൺഫ്ലവർ ഓയിൽ 165 മുതൽ 195 രൂപ വരെ
3.നല്ലെണ്ണ 390 രൂപ മുതൽ 450 രൂപ വരെ
കണ്ണടച്ച് സപ്ലൈകോം
കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ കിട്ടുമെന്ന പ്രതീക്ഷയിൽ സപ്ലൈകോം ഔട്ട്‍ലെറ്റുകളിൽ എത്തുന്നവർക്ക് നിരാശയാണ് ഫലം. സപ്ലൈകോയിൽ വെളിച്ചെണ്ണ വന്നിട്ട് മാസങ്ങളായി. ഓണക്കാലമാകുമ്പോഴെങ്കിലും സർക്കാർ ഇടപെട്ട് വില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
# വ്യാജനുമുണ്ടേ...
വെളിച്ചെണ്ണ വില ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ വരാൻ സാദ്ധ്യത ഏറെയാണ്. എല്ലാ ഭക്ഷ്യസംരംഭകർ,അംഗീകൃത ഉത്പാദകർ,റീപാക്കർ,വിതരണക്കാർ എല്ലാവരും വിശ്വാസ്യതയുള്ള fssai നിന്നുമാത്രം വെളിച്ചെണ്ണ സ്വീകരിക്കാൻ പാടുള്ളൂ. അംഗീകൃത ജി.എസ്.ടി ബിൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ജി.എസ്.ടി. ബിൽ ഇല്ലാതെയും മാർക്കറ്റ് വിലയിൽ കുറഞ്ഞ വിലയിലും ലഭ്യമാക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കരുത്. ഏതെങ്കിലും തരത്തിൽ വ്യാജനെ കണ്ടെത്തിയാൽ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.