ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവ ചുമത്തുമെന്ന് ട്രംപ്, ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിലാക്കും

Wednesday 30 July 2025 7:13 PM IST

വാഷിംഗ്ടൺ : ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങളും ക്രൂഡ് ഓയിലും വാങ്ങുന്നതിനും ഇന്ത്യക്ക് മേൽ പിഴ ചുമത്താൻ പദ്ധതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

"ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും വർഷങ്ങളായി അവരുടെ താരിഫ് വളരെ ഉയർന്നതാണ്. ഏതൊരു രാജ്യത്തെക്കാളും ഏറ്റവും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യക്ക് ഉള്ളത്'.- ട്രംപ് കുറിച്ചു.

'ഇന്ത്യയുടെ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങിയിട്ടുള്ളത്. ഉക്രെയ്നിലെ കൊലപാതകം റഷ്യ നിർത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഒരു സമയത്ത് ചൈനയ്‌ക്കൊപ്പം റഷ്യയിൽ നിന്നും ക്രൂ‌ഡ് ഓയിൽ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇതൊന്നും അത്ര നല്ലതല്ല. ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ ഇറക്കുമതിക്ക് 25% താരിഫും പിഴയും നൽകേണ്ടിവരും'-ട്രംപ് കൂട്ടിച്ചേർത്തു.