പെരുങ്ങുഴി റെയിൽവേ സ്റ്റേഷനോടും മുഖംതിരിച്ച് അധികൃതർ
ചിറയിൻകീഴ്: ഗ്രാമങ്ങളിലെ മിക്ക റെയിൽവേസ്റ്റേഷനുകളും വികസനത്തിന്റെ പാതയിലായിട്ടും പെരുങ്ങുഴി റെയിൽവേ സ്റ്റേഷനോട് മാത്രം അധികൃതർ അവഗണന കാട്ടുന്നതായി പരാതി. നിലവിലുണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകൾക്കടക്കം സ്റ്റോപ്പുകൾ നിറുത്തലാക്കി. കൊവിഡുകാലത്ത് നിറുത്തലാക്കിയ പുനലൂർ-മധുര പാസഞ്ചറിന്റെ ഇരുവശത്തേക്കുമുള്ള സ്റ്റോപ്പുകളും നാഗർകോവിൽ-കോട്ടയം പാസഞ്ചർ സ്റ്റോപ്പും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മെമു ഉൾപ്പെടെ 8 ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഇവിടെ നിലവിൽ 5 ട്രെയിനുകളേ നിറുത്തൂ. നിരവധി യാത്രക്കാരുടെ ആശ്രയകേന്ദ്രമായ സ്റ്റേഷനിൽ മതിയായ ഇരിപ്പിടമോ മഴയും വെയിലുമേൽക്കാതിരിക്കാൻ മേൽക്കൂരകളോ ഇല്ല. ഉള്ളവയാകട്ടെ കഷ്ടിച്ച് വിരലിലെണ്ണാവുന്നവർക്ക് മാത്രം കയറി നിൽക്കാം.
കനിവും കാത്ത്...
ഇരു പ്ലാറ്റ് ഫോമിലേക്കും പോകാൻ ഫുട്ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്. പ്ലാറ്റ് ഫോമിനും റെയിൽവേ ഗേറ്റിനുമിടയിൽ യാത്രക്കാർക്ക് സുഗമമായി കടന്നുപോകാൻ പാത ഒരുക്കണമെന്ന ആവശ്യവും അധികൃതരുടെ കനിവിനായി കാത്തുകിടക്കുന്നു. പ്രൈവറ്റ് ബസുകൾ വരാത്ത പെരുങ്ങുഴിയിൽ യാത്രാക്ലേശവും രൂക്ഷമാണ്. അതിനാൽ പാസഞ്ചർ ഒഴികെ ഏതെങ്കിലും ഒരു ട്രെയിനിന് പെരുങ്ങുഴിയിൽ സ്റ്റോപ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സിഗ്നൽ സിസ്റ്റവും ഇല്ല
തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ സിഗ്നൽ സിസ്റ്റം ഇല്ലാത്ത ഏക റെയിൽവേ ഗേറ്റാണ് പെരുങ്ങുഴി. ഗേറ്റടഞ്ഞാൽ മൂന്നും നാലും ട്രെയിനുകൾ കടന്നുപോയ ശേഷമേ ഗേറ്റ് തുറക്കൂ. ഫലമോ ഇവിടം കടക്കാൻ അരമണിക്കൂറിലേറെ കാത്തുകിടക്കണം. രാവിലെയും വൈകിട്ടുമാണ് ഏറെ കഷ്ടം.
ഇടഞ്ഞുംമൂല, ചല്ലിമുക്ക്, ആറാട്ടുകടവ്, കുഴിയം തുടങ്ങിയ സ്ഥലങ്ങളിൽപ്പോകാനുള്ള ഏകപാത കൂടിയാണിവിടം. ഗേറ്റിലെ ദുരവസ്ഥ കാരണം ഗേറ്റ് കടന്നുള്ള ഓട്ടത്തിന് ഓട്ടോറിക്ഷക്കാർ വരാറില്ല.