കായംകുളം താലൂക്ക് ആശുപത്രി: വിള്ളൽ വീണ് വീഴാറായി മതിൽ
കായംകുളം : ഏതുനിമിഷവും റോഡിലേക്ക് തകർന്നു വീഴാവുന്ന അവസ്ഥയിലാണ് കായംകുളം താലൂക്ക് ആശുപത്രിയുടെ മതിൽ. മഴയുടങ്ങിതോടെ മതിൽ കൂടുതൽ അപകട ഭീഷണിയിലായി. താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മതിലാണ് വിള്ളൽ വീണ് നിലംപൊത്താറായ അവസ്ഥയിൽ നിൽക്കുന്നത്. മതിൽ പലയിടത്തും പൊട്ടികീറി പടിഞ്ഞാറ് ഭാഗത്തേക്ക് ചരിഞ്ഞിരിക്കുകയാണ്. മഴയിൽ നനഞ്ഞ് കുതിർന്നിരിക്കുകയാണ് മതിൽ. മഴ ശക്തമാകുമ്പോൾ മതിലിനുള്ളിൽ വെള്ളമിറങ്ങും.ഇതോടെ മതിലിന് ഭാരം കൂടുകയും പടിഞ്ഞാറ് ഭാഗത്തേക്ക് ഇടിഞ്ഞ് വീഴാനും സാദ്ധ്യതയുണ്ട്. ഈ ഭാഗത്ത് രോഗികളും അവരുടെ ബന്ധുക്കളും ലാബുകളും ഉണ്ട്.അവിടേക്കുള്ള വഴിയിലേക്കാണ് മതിൽ ചാഞ്ഞ് നിൽക്കുന്നത്. ഇതുവഴി എപ്പോഴും ആൾക്കാർ സഞ്ചരിക്കാറുള്ളതാണ്.
മതിൽ ഇടിഞ്ഞാൽ സ്വകാര്യ വഴിയിലേക്കാണ് വീഴുന്നത്. ഇവിടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യാറുണ്ട്. സമീപത്തെ ലാബിലേക്കും മറ്റും ആൾക്കാർ നടന്നും വാഹനങ്ങളിലുമൊക്കെ യാത്ര ചെയ്യാറുള്ളതാണ്. അപകടാവസ്ഥയിലുള്ള മതിൽ പൊളിച്ച് പണിയാൻ താലൂക്കാശുപത്രി ആധികൃതർ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.കായംകുളം നഗരസഭയുടെ അധീനതയിലുള്ള കായംകുളം ഗവ.താലൂക്ക് ആശുപത്രിക്ക് കായകൽപ്പ് കമന്റേഷൻ അവാർഡ് അടുത്തിടെ ലഭിച്ചിരുന്നു.