ബാസിത്തിന്റെയും രഞ്ജിത്തിന്റെയും പ്രധാന കസ്റ്റമേഴ്‌സ് ഇതര സംസ്ഥാന തൊഴിലാളികൾ, പിടികൂടുമ്പോൾ കൈയിൽ മാരക ലഹരി

Wednesday 30 July 2025 10:23 PM IST

മലപ്പുറം: കൊളത്തൂരിൽ 4.840 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. മക്കരപ്പറമ്പ് സ്വദേശികളായ എരഞ്ഞിത്തൊടി അബ്ദുൾ ബാസിത്ത് (25), നില്ലിക്കോടൻ രഞ്ജിത്ത് (26) എന്നിവരാണ് പിടിയിലായത്. മക്കരപ്പറമ്പ്, പൊരുന്നുമ്മൽ ഭാഗങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപനയും ഉപയോഗവും നടത്തുന്നതായുള്ള വിവരത്തെ തുടർന്ന് കൊളത്തൂർ സ്റ്റേഷൻ പരിധിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സംശയാസ്പദമായ രീതിയിൽ പ്രതികളെ കണ്ടത്.

ഇവരിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എ.പ്രേംജിത്ത്, നാർക്കോട്ടിക്സെൽ ഡിവൈ.എസ്.പി എൻ.ഒ.സിബി, കൊളത്തൂർ സി.ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ജഗദീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നിധിൻ ആന്റണി, ജയേഷ്, സിവിൽ പൊലീസ് ഓഫീസർ ജിജുവും ആന്റിനാർക്കോട്ടിക് സ്‌ക്വാഡുമടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. മങ്കട ഇൻസ്പെക്ടർ അശ്വിത്ത് എസ്.കാരാൺമയിലിന്റെ സാന്നിദ്ധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.