അനധികൃത സ്വത്ത് സമ്പാദനക്കേസ് : മാടായി പഞ്ചായത്ത് പ്രസിഡന്റിനെ ചോദ്യം ചെയ്ത് വിജിലൻസ്

Wednesday 30 July 2025 10:38 PM IST

പഴയങ്ങാടി:വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ മാടായി പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സെയ്ദിനെ ചോദ്യം ചെയ്ത് വിജിലൻസ് . ചൊവ്വാഴ്ച കോഴിക്കോട് സ്‌പെഷ്യൽ സെല്ല് വിജിലൻസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറുകളോളം നീണ്ടുനിന്നു. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ സ്ഥലം, പണം ഇടപാടുകൾ, സ്വർണ നിക്ഷേപങ്ങൾ എന്നിവ സംബന്ധിച്ച നിർണായക വിവരങ്ങൾ സംഘം ശേഖരിച്ചതായാണ് വിവരം.

ഒട്ടേറെ ഡിജിറ്റൽ തെളിവുകളും വിജിലൻസ് സംഘം പരിശോധിച്ചതായും സൂചനയുണ്ട്. ഇനിയും ചോദ്യം ചെയ്യലുണ്ടാകുമെന്നും വിജിലൻസ് സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ പത്തിന് സെയ്ദിന്റെ മാട്ടൂൽ നോർത്ത് എൻ.എം.യു.പി സ്‌കൂളിന് സമീപത്തെ വീട്ടിൽകോഴിക്കോട് വിജിലൻസ് സ്‌പെഷൽ സെൽ ഡിവൈഎസ്പി മാരായ സുരേഷ് കുമാർ, രമേശ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ നൂറിലേറെ രേഖകൾ വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു. ഡിജിറ്റൽ വിദഗ്ദർ ,ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പടെ 32 അംഗ സംഘം പതിനാല് മണിക്കൂറോളം പരിശോധന നടത്തിയാണ് രേഖകൾ കണ്ടെടുത്തത്.

റെയ്ഡിന് പിന്നാലെ ചോദ്യം ചെയ്യൽ

മാടായി സ്വദേശികൾ നൽകിയ പരാതിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ ചില സുപ്രധാന സൂചനകൾ കിട്ടിയതിനെ തുടർന്നാണ് അന്ന് വിജിലൻസ് വീട്ടിൽ പരിശോധനക്കെത്തിയത്. . വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് 2021ലാണ് കായിക്കാരൻ സെയ്ദിനെതിരെ മാടായി സ്വദേശികൾ പരാതി നൽകിയത്. തുടർന്ന് കണ്ണൂർ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്ന് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്‌പെഷ്യൽ സെല്ലിനെ അന്വേഷണത്തിനായി വിജിലൻസ് ഡയറക്ടറേറ്റ് നിയോഗിച്ചു. ഈ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ടീമിനെ അന്വേഷണത്തിനായി വിജിലൻസ് ഡയറക്ടർ നിയോഗിക്കുകയായിരുന്നു.ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സ്‌പെഷ്യൽ സെൽ വിജിലൻസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. മുസ്ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റി അംഗവും പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂൾ ചെയർമാൻ കൂടിയാണ് സഹീദ് കായിക്കാരൻ.