30 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സ്വകാര്യ വ്യക്തി വഴിയടച്ച് പൊതുകുളം മലിനമാക്കിയിട്ടും പഞ്ചായത്തിന് അനക്കമില്ല
തൊടുപുഴ: മൂന്ന് പതിറ്റാണ്ടായി ഉപയോഗിക്കുന്ന പൊതുകുളം മലിനമാക്കി ഇവിടേക്കുള്ള നടപ്പുവഴി അടച്ച് 30 കുടുംബങ്ങളുടെ കുടിവെള്ളവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചതിനെതിരെ പരാതി നൽകിയിട്ടും പഞ്ചായത്ത് അടക്കമുള്ള അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കൊന്നത്തടി പഞ്ചായത്തിലെ ആറാം വാർഡിൽ കാറ്റാടിപ്പാറ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ കുടിവെള്ളമാണ് മുടങ്ങിയത്. പ്രദേശവാസികൾ 30 വർഷത്തോളമായി കുടിവെള്ളത്തിന് ആശ്രയിക്കുന്ന കുളത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലം ആറ് മാസം മുമ്പ് എറണാകുളം സ്വദേശി വാങ്ങിയിരുന്നു. പിന്നീട് കുളത്തിന്റെ പരിസരത്തുള്ള സ്ഥലവും അതിർത്തിയിലൂടെയുള്ള നടപ്പുവഴിയുമടക്കം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇളക്കി ഇവിടെ ഏലം കൃഷി ചെയ്തു. മഴ പെയ്തപ്പോൾ ഇളക്കിയ മണ്ണും ചെളിയുമെല്ലാം ഒലിച്ചെത്തി കുളം മലിനമായി. തുടർന്ന് പ്രദേശവാസികൾ ചേർന്ന് മോട്ടോർ വാടകയ്‌ക്കെടുത്ത് കുളം തേകി വൃത്തിയാക്കി. വീണ്ടും ചെളിവെള്ളം ഒഴുകിയെത്താതിരിക്കാൻ ചാല് കീറി വെള്ളം തിരിച്ചുവിടുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് പെയ്ത ശക്തമായ മഴയിൽ മണ്ണും ചെളിയും കുളത്തിലേക്ക് ഒഴുകിയിറങ്ങി. ഇതോടെ പ്രദേശവാസികൾ കുളം തേകി തരണമെന്ന് സ്ഥലമുടമയോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇക്കാര്യം വാർഡ് മെമ്പറെ അറിയിച്ച പ്രദേശവാസികളോട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകാൻ ആവശ്യപ്പെട്ടു. പിന്നീട് കളക്ടർ, ആർ.ഡി.ഒ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. കുളം പഞ്ചായത്തിന്റേതാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും കാണുന്നില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. എന്നാൽ പ്രദേശവാസികൾ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്യുന്നതിന്റെ വൈദ്യുതി ബിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ്. പഞ്ചായത്തധികൃതർ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് മനസിലായപ്പോൾ ഗുണഭോക്താക്കൾ കൂട്ടമായി വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. സ്ഥലം സന്ദർശിച്ച ശേഷം സി.ഐ വിളിച്ചുചേർത്ത ചർച്ചയിൽ ചെളിവെള്ളം കുളത്തിലേക്ക് വരാതെ തടയുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതും വാക്കിലൊതുങ്ങി. പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചപ്പോഴും കുളത്തിന്റെ രേഖകളൊന്നും കാണുന്നില്ലെന്നായിരുന്നു മറുപടി. മന്ത്രി റോഷി അഗസ്റ്റിനും പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല.
ധർണ്ണ നടത്തും
ഏക കുടിവെള്ള ആശ്രയമായ കുളം മലിനപ്പെട്ടതോടെ ഇപ്പോൾ ഇവിടത്തെ ജനങ്ങൾ മഴവെള്ളത്തെയും പാറയിടുക്കിലെ ഉറവയെയുമാണ് കുടിനീരിനായി ആശ്രയിക്കുന്നത്. ഒരിടത്ത് നിന്നും നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11ന് കൊന്നത്തടി പഞ്ചായത്തിൽ ധർണ നടത്തുമെന്ന് പ്രദേശവാസികളായ പി.എ. ഷാർലറ്റ്, ടിൻസി രാജേഷ്, റോസിലി ഔസേഫ് എന്നിവർപറഞ്ഞു.