ഇവിടെ ഹരിതഭവനങ്ങൾ മാത്രം: ക്ളീനാവാൻ, ഗ്രീനാവാൻ പാനുണ്ട
കതിരൂർ: പൊതുസ്ഥലങ്ങളിലും റോഡരികുകളിലും കുന്നുകൂടുന്ന മാലിന്യം തദ്ദേശസ്ഥാപനങ്ങൾക്ക് തലവേദനയാകുന്ന മാലിന്യപ്രശ്നത്തെ നാട്ടുകാർ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രം പിണറായി പാനുണ്ട ഗ്രാമത്തിന് സ്വന്തം. പൊതു ഇടങ്ങളും റോഡും മാലിന്യ മുക്തമാക്കിയ ഇവിടുത്തുകാർ ഒരു പടികൂടി കടന്ന് എല്ലാ വീടുകളും ഹരിത ഭവനമാക്കി മാറ്റുന്നതിനായി ഒത്തുപിടിച്ചിരിക്കുകയാണിപ്പോൾ. 'ക്ലീൻ ഗ്രീൻ പാനുണ്ട' കൂട്ടായ്മയുടെ നേതൃത്വത്തിൽ വീടുകളിൽ മാലിന്യം നിക്ഷേപിക്കാൻ ബക്കറ്റുകൾ നൽകുന്ന പദ്ധതിക്ക് ഈ സ്വാതന്ത്ര്യദിനത്തിൽ തുടക്കമിടുകയാണ് ഈ ഗ്രാമം.
പ്ലാസ്റ്റിക്, ലതർ, കുപ്പി എന്നിവ വേർതിരിച്ച് നിക്ഷേപിക്കുന്നതിന് മൂന്നുവീതം ബക്കറ്റുകളാണ് പാനുണ്ടയിലെ ഓരോ വീട്ടിലും നൽകുന്നത്. ആദ്യഘട്ടത്തിൽ 100 വീടുകൾക്കാണ് ബക്കറ്റുകൾ നൽകും. ഘട്ടംഘട്ടമായി പാനുണ്ടയിലെ മുഴുവൻ വീടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ബക്കറ്റുകൾ ചെറിയ തുക ഈടാക്കിയാണ് വീടുകളിൽ നൽകുന്നത്. തരം തിരിച്ചുള്ള മാലിന്യം ഹരിതകർമ്മ സേന വീടുകളിൽ നിന്ന് ശേഖരിക്കും. ആഗസ്റ്റ് 15 ന് രാവിലെ പത്തിന് ബി.യു.പി. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യനാണ് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.
പാനുണ്ട ഗ്രാമത്തിന്റെ ശുചിത്വം വെറുതെ ഉണ്ടായതല്ല. എല്ലാ ഞായറാഴ്ചകളിലും സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘം പാനുണ്ട ലൈബ്രറി മുതൽ ബി.യു.പി സ്‌കൂൾ വരെ രണ്ടു കിലോമീറ്ററോളം ദൂരം റോഡിന് ഇരുപുറവും കരിയിലയും ചപ്പ് ചവറുകളും നീക്കാൻ ഇറങ്ങും . ചെടികൾ പരിപാലിക്കും. റോഡരികിൽ മാലിന്യം നിക്ഷേപിക്കാനായി ബിന്നുകൾ സ്ഥാപിക്കും. ഇതിലുള്ള അവശിഷ്ടങ്ങൾ ശേഖരിച്ച് ഹരിതചട്ടം പാലിച്ച് സംസ്‌കരിക്കും.
കൂട്ടായ്മയുടെ കഥ നാട്ടുവഴികൾ പറയും
പാനുണ്ടയിൽ ഒരിടത്തും മാലിന്യ കെട്ടുകളോ, നായ്ക്കൾക്ക് കടിച്ചുവലിക്കാൻ ഭക്ഷണ അവശിഷ്ടങ്ങളടങ്ങിയ പ്ലാസ്റ്റിക് കവറുകളോ കാണില്ല. ഒരിടത്തും ചപ്പുചവറുകൾ അടിഞ്ഞ് ഓവുചാലുകൾ തടസപ്പെട്ടിട്ടില്ല. ചെടികളും മോടി പിടിപ്പിച്ച കൈവരികളുമുള്ള നടപ്പാതയും മനോഹരമായ ആൽത്തറയും പടവുകൾ കെട്ടി ചുറ്റും തറയോട് പാകിയ കുളവുമെല്ലാം പാനുണ്ടയുടെ ശുചിത്വപ്പെരുമയുടെ അടയാളങ്ങളാണ്.മുഖ്യമന്ത്രിയുടെ മണ്ഡലം സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി പാനുണ്ട ലൈബ്രറി മുതൽ സ്‌കൂൾ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും കൈവരികൾ സ്ഥാപിച്ചിട്ടുമുണ്ട്. ടൈൽ പാകിയതാണ് നടപ്പാത. പദ്ധതിയിൽ പെടാത്തയിടത്ത് കൂട്ടായ്മ ശേഖരിച്ച തുകകൊണ്ട് ഇരുമ്പ് തൂണുകൾ സ്ഥാപിച്ച് ചെടികൾ വച്ചു. മതിലുകളിൽ മനോഹരമായചുമർ ചിത്രങ്ങൾ വരച്ച് മോടി കൂട്ടി. സ്‌കൂളിന് സമീപത്തുള്ള കുളം മുഖ്യമന്ത്രി പിണറായി വിജയന്റെ എം.എൽ.എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ചു. ഇവിടെ കുട്ടികൾക്ക് നീന്തൽ പഠിക്കാൻ സൗകര്യമുണ്ട്.