ഇന്ത്യയ്ക്ക് 25% യു.എസ് തീരുവ, പിഴകൂടി ഇടാക്കുമെന്നും ട്രംപ്
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പ്രകോപനം
ന്യൂയോർക്ക്: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ 25% തീരുവയും അധിക പിഴയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഓപ്പറേഷൻ സിന്ദൂർ വെടിനിറുത്തലിന് വഴിയൊരുക്കിയെന്ന ട്രംപിന്റെ അവകാശവാദം പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ തള്ളിയതിനു പിന്നാലെയാണിത്. ഓഗസ്റ്റ് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപ് 'ട്രൂത്ത് സോഷ്യൽ' സമൂഹമാദ്ധ്യമ പോസ്റ്റിൽ അറിയിച്ചത്. അധിക പിഴ എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
റഷ്യയിൽ നിന്ന് ഇന്ത്യ ആയുധങ്ങളും എണ്ണയും വാങ്ങുന്നതും യു.എസുമായുള്ള ദീർഘകാല വ്യാപാര തടസങ്ങളുമാണ് പ്രധാന കാരണമെന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും കഠിനവും അരോചകവുമായ ധന ഇതര വ്യാപാര തടസങ്ങളുള്ള രാജ്യമാണ് ഇന്ത്യയെന്നും കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഉയർന്ന തീരുവമൂലം അമേരിക്കയ്‌ക്ക് വിപുലമായ വ്യാപാര സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ ആകുന്നില്ലെന്നാണ് ട്രംപിന്റെ ആരോപണം.
കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യയിലെ തീരുവ കുറയ്‌ക്കണമെന്ന അമേരിക്കയുടെ ആവശ്യത്തിന് വഴങ്ങാത്തതും കാരണമായെന്നും സൂചനയുണ്ട്. അമേരിക്ക 25% തീരുവ ഈടാക്കിയാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അവിടെ വില കൂടും. ഇത് ഇന്ത്യയുടെ കയറ്റുമതി സാദ്ധ്യതയെ സാരമായി ബാധിക്കും.
50,000 കോടി ഡോളർ
2030ൽ ഇന്ത്യ ലക്ഷ്യമിടുന്ന
ഉഭയകക്ഷി വ്യാപാരം
19,100 കോടി ഡോളർ
2024ലെ വ്യാപാരം