അകമലയിൽ കടുവയും പുലിയുമില്ല : ക്യാമറയിൽ പതിഞ്ഞത് കൊമ്പനാന
വടക്കാഞ്ചേരി : അകമല മാരാത്തുകുന്നിലെ ജനവാസ മേഖലയിൽ കടുവയും പുലിയും വന്നിട്ടില്ലെന്ന് തെളിഞ്ഞു. കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ട സാഹചര്യത്തിൽ വനം വകുപ്പ് സ്ഥാപിച്ച ട്രാപ്പ് ക്യാമറയിൽ തെളിഞ്ഞത് കൊമ്പനാന. ഇതോടെ ജനങ്ങളുടെ ആശങ്കയ്ക്ക് വിരാമമായി. കുഴിയോട് വെള്ളാംകുണ്ടിൽ ഗോവിന്ദൻകുട്ടിയുടെ കൃഷിയിടത്തിലാണ് കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ കഴിഞ്ഞ ദിവസം കണ്ടത്. മച്ചാട് റേഞ്ച് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ പി.വിനോദിന്റെ നേതൃത്വത്തിലെത്തിയ വനപാലക സംഘം അതീവ ജാഗ്രത പ്രഖ്യാപിക്കുകയും രാത്രിയും പകലും ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തതിനു പിന്നാലെയാണ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചത്. ഇന്നലെ രാവിലെയാണ് തുറന്നത്. പരിശോധനയ്ക്ക് ശേഷം വീണ്ടും സ്ഥാപിച്ചു. രണ്ട് ദിനം കൂടി നിരീക്ഷണം തുടരും. പതിനഞ്ചോളം വനപാലകരുടെ നേതൃത്വത്തിൽ ചേപ്പിലക്കോട്, പട്ടാണിക്കാട്, തൂമാനം, കുഴിയോട് എന്നിവിടങ്ങളിൽ രണ്ട് ദിനം കൂടി നിരീക്ഷണം തുടരും. ഡി.എഫ്.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.