'ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു'; വേദി വിട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചുവരുത്തി വിമര്‍ശിച്ചു

Thursday 31 July 2025 12:09 AM IST

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃയോഗത്തിലാണ് സംസ്ഥാന അദ്ധ്യക്ഷനെ പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചത്. രാഹുല്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് തീരുമാനങ്ങളെടുക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്നാണ് അണികളുടെ പ്രധാന പരാതി. വയനാട് പുനരധിവാസത്തില്‍ 30 വീടുകള്‍ നിര്‍മിക്കുമെന്ന തീരുമാനം രാഹുല്‍ സ്വമേധയാ കൈക്കൊണ്ടതാണ്.

സംഘടയുടെ പേരില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുമ്പോള്‍ ജനപ്രതിനിധി കൂടിയായ ഒരു നേതാവ് കൂടിയാലോചന നടത്തിയില്ലെന്നാണ് പ്രതിനിധികളുടെ ആരോപണം. വയനാട് ദുരിതാശ്വാസത്തിലെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഫണ്ട് ശേഖരണവും മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ശേഷം വേദി വിടാനൊരുങ്ങിയ സംസ്ഥാന അദ്ധ്യക്ഷനോട് പ്രതിനിധികള്‍ പറയുന്നത് കൂടെ കേട്ടിട്ട് പോയാല്‍ മതിയെന്ന ആവശ്യം ഉയരുകയായിരുന്നു.

വേദിയില്‍ നിന്നിറങ്ങിയ രാഹുലിനെ നേതാക്കള്‍ ഇടപ്പെട്ട് തിരികെയെത്തിച്ചപ്പോഴായിരുന്നു വിമര്‍ശനം. വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ നേതൃസംഗമത്തില്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15നകം പൂര്‍ത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാഹുലിനെതിരെ വിവിധ ജില്ലാ കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുവെന്നാണ് വിവരം.