ജവഹർ നഗറിലെ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ

Thursday 31 July 2025 1:48 AM IST

തിരുവനന്തപുരം: ജവഹർ നഗറിൽ നാലരക്കോടിയോളം വിലവരുന്ന വീടും വസ്തുവും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റുചെയ്തു. കല്ലയം വെട്ടിക്കുഴി ചാലിൽ വീട്ടിൽ സുനിൽ ബാബു തോമസിനെയാണ് (42) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്.

കേസിലെ സൂത്രധാരനായ വെണ്ടർ അനന്തപുരി മണികണ്ഠനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്. സുനിലാണ് വസന്തയെന്ന സ്ത്രീയെ മണികണ്ഠന് പരിചയപ്പെടുത്തിയത്. വസ്തുവിന്റെ യഥാർത്ഥ ഉടമയായ ഡോറ അസറിയ ക്രിപ്സിന് പകരം വസന്തയെ ആൾമാറാട്ടം നടത്തിയാണ് വളർത്തുമകളെന്ന പേരിൽ മെറിൻ ജേക്കബിന് വ്യാജമായി ധനനിശ്ചയം ചെയ്തുകൊടുത്തത്. സാക്ഷി എന്ന നിലയിൽ സുനിലാണ് പ്രമാണത്തിൽ ഒപ്പിട്ടതെന്നും പൊലീസ് പറഞ്ഞു.

അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ 14.5 സെന്റ് വസ്തുവും വീടുമാണ് മെറിൻ ജേക്കബ് എന്നയാൾക്ക് ഉടമയറിയാതെ ധനനിശ്ചയം ചെയ്തുകൊടുക്കുകയും ചന്ദ്രസേനൻ എന്നയാൾക്ക് മറിച്ചുവിൽക്കുകയും ചെയ്തത്.