ദേശീയപാതയിൽ സിഗ്നൽ നൽകാതെ പെട്ടന്ന് നിറുത്തരുത്

Thursday 31 July 2025 1:04 AM IST

 അപകടത്തിൽ കാൽ നഷ്‌ടപ്പെട്ട യുവാവിന് 91 ലക്ഷം നഷ്‌ടപരിഹാരം വിധിച്ചു

 സഡൻ ബ്രേക്കിട്ട കാർ ഡ്രൈവർ മുഖ്യ ഉത്തരവാദിയെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ദേശീയപാതയിൽ കാർ സഡൻ ബ്രേക്കിട്ടതിന്റെ ഫലമായി ഇടതു കാൽ നഷ്‌ടപ്പെട്ട ബൈക്ക് യാത്രക്കാരന് 91 ലക്ഷം നഷ്‌ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി. ദേശീയപാതയിൽ സഡൻ ബ്രേക്കിടുന്ന പ്രവണതയെ വിമർശിച്ച കോടതി, ഇക്കാര്യത്തിൽ ഡ്രൈവർ പുലർത്തേണ്ട ഉത്തരവാദിത്തവും ഓ‌ർമ്മപ്പെടുത്തി.

2017 ജനുവരിയിൽ തമിഴ്നാട്ടിലുണ്ടായ അപകടത്തിൽ ഇടതു കാൽ നഷ്‌ടപ്പെട്ട യുവാവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സംഭവ സമയത്ത് എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ഹ‌ർജിക്കാരൻ. ദേശീയപാതകളിൽ അതിവേഗമാണ് വാഹനങ്ങൾ ചലിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അവിടെ വാഹനം നിറുത്തുന്നതിന് മുൻപ് ഡ്രൈവർ സിഗ്നൽ നൽകണം. പൊടുന്നനെ ബ്രേക്ക് ചെയ്യരുത്.

ഡ്രൈവർ പ്രാഥമിക

ഉത്തരവാദി

കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നിൽ വരുകയായിരുന്ന ബൈക്ക് അതിലേക്ക് ഇടിച്ചു കയറി. ബൈക്ക് യാത്രക്കാരൻ റോഡിൽ വീണു. പിന്നിൽ നിന്നെത്തിയ ബസ് യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി. കാൽ മുറിച്ചു നീക്കേണ്ട സാഹചര്യമുണ്ടായി. ഈ കേസിൽ കാർ ഡ്രൈവറാണ് അപകടത്തിന് മുഖ്യ ഉത്തരവാദിയെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ,​ അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വാഹനാപകട നഷ്‌ടപരിഹാര ട്രൈബ്യൂണൽ 73.29 ലക്ഷം വിധിച്ചപ്പോൾ,​ മദ്രാസ് ഹൈക്കോടതി അത് 58.33 ലക്ഷമാക്കി വെട്ടിക്കുറച്ചു. തുടർന്നാണ് യുവാവ് സുപ്രീംകോടതിയെ സമീപിച്ചത്.