മണിപ്പൂർ രാഷ്‌ട്രപതി ഭരണം: പ്രമേയം ലോക്‌സഭയും അംഗീകരിച്ചു

Thursday 31 July 2025 1:16 AM IST

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആഗസ്റ്റ് 13 മുതൽ ആറ് മാസത്തേക്കുകൂടി നീട്ടാൻ പാർലമെന്റിന്റെ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച പ്രമേയം ഇന്നലെ ലോക്‌സഭ പാസാക്കി. പ്രമേയം നേരത്തെ രാജ്യസഭ പാസാക്കിയതാണ്.

ഭരണഘടനയുടെ 356 (3) വകുപ്പ് പ്രകാരം, പാർലമെന്റിന്റെ അംഗീകാരത്തോടെ രാഷ്ട്രപതി ഭരണം ആറുമാസം വീതം നീട്ടാം. മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവച്ചതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 13നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

പ്രമേയത്തിൻമേലുള്ള ചർച്ചയ്ക്ക് മറുപടിയായി, സംസ്ഥാനത്ത് സമാധാനവും സാധാരണ നിലയും നിലനിർത്താൻ രാഷ്ട്രപതി ഭരണം നീട്ടേണ്ടതുണ്ടെന്ന് നിത്യാനന്ദ് റായ് പറഞ്ഞു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനുശേഷം ഒരാൾ മരിച്ച ഒരു അക്രമസംഭവം മാത്രമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ചർച്ച ആരംഭിച്ച കോൺഗ്രസ് എംപി ആന്റോ ആന്റണി, മണിപ്പൂരിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നുവെന്ന് ആരോപിച്ചു.