സവർക്കറുടെ ബന്ധുവിനെതിരെ രാഹുൽ

Thursday 31 July 2025 1:17 AM IST

ന്യൂഡൽഹി: വി.ഡി. സവർക്കറുടെ ബന്ധു സത്യാകി സവർക്കർക്കെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് രാഹുൽ ഗാന്ധി പൂനെ പ്രത്യേക കോടതിയെ സമീപിച്ചു. സവർക്കർക്കെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് രാഹുലിനെതിരെ സത്യാകി മാനനഷ്‌ടക്കേസ് നൽകിയിരുന്നു. ഇതിന് ആധാരമാക്കിയ ഇലക്ട്രോണിക് തെളിവുകൾ അടക്കം രാഹുലിന് കൈമാറണമെന്ന് കോടതി ഹർജിക്കാരന് നിർദ്ദേശം നൽകിയിരുന്നെങ്കിലും പാലിച്ചില്ലെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടുന്നത്. ഒരു പെൻഡ്രൈവ് കൈമാറിയെങ്കിലും അത് ഉപയോഗശൂന്യമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. 2023 മാർച്ചിൽ യു.കെ സന്ദർശനത്തിനിടെ രാഹുൽ നടത്തിയ പ്രസംഗത്തിൽ സവർക്കറെ ഭീരു എന്ന് വിളിച്ചെന്നാണ് മാനനഷ്‌ടക്കേസിലെ ആരോപണം. സവർക്കറും സുഹൃത്തുക്കളും ചേർന്ന് അന്യമതസ്ഥനെ ആക്രമിച്ചു തുടങ്ങിയ കാര്യങ്ങളും പറഞ്ഞുവെന്ന് ഹർജിയിൽ പറയുന്നു.