തിരുപുറം സ്കൂൾ ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡ് വേണം

Thursday 31 July 2025 1:22 AM IST

പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിലെ തിരുപുറം ഗവ.ഹയർസെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു. തിരുപുറം പ്ലാത്തോട്ടം വാർഡിൽ പണികുഴിക്കാലയിൽ ഉണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് ഒരു വാഹനം വന്നിടിച്ചതിനെ തുടർന്ന് തകർന്നു. വാർഡ് മെമ്പറുടെ ആവശ്യപ്രകാരം പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെ അത് പൊളിച്ചുമാറ്റി.

എം.എൽ.എ ഫണ്ട് കിട്ടുമെന്നും ജംഗ്ഷനിൽ പുതിയ വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുമെന്നും വാർഡ് മെമ്പർ പഞ്ചായത്ത് കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്തിയിരുന്നതായി ഭരണസമിതി മെമ്പർമാർ പറയുന്നു. എന്നാൽ പഴയ വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്ന കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയ ശേഷം പിറകുവശത്തെ വസ്തു ഉടമയ്ക്ക് വാഹനങ്ങൾ കയറ്റുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തുവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

കുട്ടികളും നാട്ടുകാരും

ദുരിതത്തിൽ വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയതോടെ പ്രവൃത്തിദിവസങ്ങളിൽ സ്കൂൾ കുട്ടികളും നാട്ടുകാരും ദുരിതത്തിലായി. മഴക്കാലത്ത് കുട്ടികളും വൃദ്ധരും ഒതുങ്ങിനിൽക്കാൻ ഇടമില്ലാതെ നെട്ടോട്ടമോടുന്നത് സ്ഥിരം കാഴ്ചയാണ്. കുട്ടികൾ റോഡിൽ തിങ്ങി ഞെരുങ്ങി നിൽക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.