മഞ്ഞിൽമുങ്ങി പൊൻമുടി

Thursday 31 July 2025 2:22 AM IST

വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ മൂടൽമഞ്ഞ് നിറയുന്നു. ഒപ്പം മഴയും, മഞ്ഞ് വ്യാപിച്ചിട്ട് രണ്ടാഴ്ചയാകുന്നു. പൊൻമുടിയിൽ മറ്റ് മേഖലകളെ അപേക്ഷിച്ച് മഴയും കോരിച്ചൊരിയുകയാണ്. ചില ദിവസങ്ങളിൽ മഞ്ഞ് കല്ലാർ വരെ വ്യാപിക്കാറുണ്ട്. നിലവിൽ ഉച്ച കഴിഞ്ഞാൽ പൊൻമുടി മഞ്ഞിൽ മുങ്ങും. പരസ്പരം കാണാൻ കഴിയാത്തസ്ഥിതിയാകും.

മൂടൽമഞ്ഞ് വ്യാപിച്ചതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. വനംവകുപ്പിന് പാസ് ഇനത്തിൽ മികച്ച വരുമാനമാണ് ലഭിക്കുന്നത്. ഞായറാഴ്ചകളിൽ തിരക്കോട് തിരക്കാണ്. പൊൻമുടി അപ്പർസാനിറ്റോറിയം വാഹനങ്ങളാൽ നിറയുകയും, കല്ലാർ പൊൻമുടി റൂട്ടിൽ ഗതാഗതകുരുക്കും അനുഭവപ്പെടും.

അതേസമയം അവധിദിനങ്ങളിൽ പൊൻമുടിയിലെത്തുന്ന യുവസംഘങ്ങളിൽ ഭൂരിഭാഗവും അമിതവേഗതയിലാണ് പായുന്നത്. കഴിഞ്ഞ ദിവസം പൊൻമുടിയിലേക്ക് അമിതവേഗതയിൽ എത്തിയ യുവസംഘങ്ങൾ സഞ്ചരിച്ച ബൈക്കുകൾ പത്താംവളവിന് സമീപം മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. ആറ്റിങ്ങൽ സ്വദേശികളായ രാജേഷ്, അനീഷ്, മനോജ്, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. വാഹനങ്ങളുടെ അമിതവേഗം മൂലം ടൂറിസ്റ്റുകൾ ബുദ്ധിമുട്ടിലാണ്. പൊൻമുടി പൊലീസും, വിതുര പൊലീസും,വനപാലകരും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. അമിതവേഗക്കാരെ പിടികൂടുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.