പ്രമുഖ ബാർബി ഡിസൈനർമാർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

Thursday 31 July 2025 6:37 AM IST

റോം: ബാർബി പാവകളുടെ പ്രമുഖ ഡിസൈനർമാരായ മാരിയോ പഗ്‌ലിനോ (52), ജിയാനി ഗ്രോസി (48) എന്നിവർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഞായറാഴ്ച ഇ​റ്റലിയിൽ വച്ചായിരുന്നു ജീവിത പങ്കാളികളായിരുന്ന ഇരുവരുടെയും വിയോഗം. ഇവർ സഞ്ചരിച്ച കാറിലേക്ക് തെ​റ്റായ ദിശയിൽ വന്ന മ​റ്റൊരു കാർ ഇടിക്കുകയായിരുന്നു.

മാരിയോയ്ക്കും ജിയാനിക്കുമൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് അമോഡിയോ വലേരിയോ ഗിയർണിയും മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ സിൽവിയയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1999ൽ മാരിയോയും ജിയാനിയും ചേർന്ന് തുടങ്ങിയ മാഗിയ 2000 എന്ന പാവ കമ്പനി ബാർബികളുടെ ഡിസൈനിൽ പങ്കാളികളായി.

ഇരുവരുടെയും മരണത്തിൽ ബാർബി പാവകളുടെ നിർമ്മാതാക്കളായ മാറ്റൽ കമ്പനി ദുഃഖം രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയങ്കരിയായ ബാർബി പാവകളെ വിവിധ രൂപത്തിൽ പുറത്തിറക്കാൻ മാറ്റൽ കമ്പനിയുടെ ഡിസൈനർമാർ പ്രധാന പങ്കുവഹിക്കുന്നു. ബാർബിയുടെ സ്പെഷ്യൽ എഡിഷനുകൾ പുറത്തിറക്കാൻ ലോകപ്രശസ്ത ഫാഷൻ ഡിസൈനർമാരും ബ്രാൻഡുകളും മാറ്റലുമായി സഹകരിക്കുന്നുണ്ട്.