ഗാസയിൽ 150 കടന്ന് പട്ടിണി മരണം
ടെൽ അവീവ്: ഗാസയിൽ മതിയായ ഭക്ഷണം കിട്ടാതെ 7 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ ഗാസയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 89 കുട്ടികൾ അടക്കം 154 ആയെന്ന് ഹമാസ് പറയുന്നു. 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 100ലേറെ പേർ കൊല്ലപ്പെട്ടു.
ഗാസയിലെ ആകെ മരണസംഖ്യ 60,130 കടന്നു. ചൊവ്വാഴ്ച നൂറിലേറെ ട്രക്കുകൾ മരുന്നും ഭക്ഷണവുമായി ഗാസയിലേക്ക് പ്രവേശിച്ചെന്ന് ഇസ്രയേൽ അറിയിച്ചു. 220 ട്രക്കുകൾ ഉടൻ ഗാസയിലേക്ക് കടക്കും. അതേ സമയം, പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള യു.കെ അടക്കം യൂറോപ്യൻ രാജ്യങ്ങളുടെ നീക്കത്തെ അപലപിച്ച് ഹമാസിന്റെ പിടിയിലുള്ള ഇസ്രയേലി ബന്ദികളുടെ കുടുംബങ്ങൾ രംഗത്തെത്തി.
നീക്കം ഭീകരവാദത്തെ സാധൂകരിക്കുന്നതാണെന്ന് അവർ ആരോപിച്ചു. സെപ്തംബറിനുള്ളിൽ ഇസ്രയേൽ വെടിനിറുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പാലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പാലസ്തീനെ അംഗീകരിക്കുമെന്ന് അടുത്തിടെ ഫ്രാൻസും പ്രഖ്യാപിച്ചിരുന്നു.