വീണ്ടും വൈറലായി തത്സുകി

Thursday 31 July 2025 6:38 AM IST

ടോക്കിയോ: ഇന്നലെ റഷ്യൻ തീരത്തുണ്ടായ ഭൂകമ്പത്തിനും തുടർന്നുണ്ടായ സുനാമിയ്ക്കും പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ റിയോ തത്സുകിയുടെ പ്രവചനം. ജൂലായ് അഞ്ചിന് പുലർച്ചെ ജപ്പാനിൽ മഹാദുരന്തം സംഭവിക്കുമെന്നായിരുന്നു തത്സുകിയുടെ പ്രവചനം.

ജപ്പാനും ഫിലിപ്പീൻസിനും ഇടയിലെ കടൽ തിളച്ചുമറിയുമെന്നും മഹാ നഗരങ്ങൾ കടലിൽ വീഴുമെന്നാണ് അവർ പറഞ്ഞത്. ഇതോടെ ഭൂകമ്പവും പിന്നാലെ മെഗാ സുനാമിയും ഉണ്ടാകുമെന്ന ഭീതിയിലായി ജാപ്പനീസ് ജനത. ജൂലായ് 5 പ്രശ്നങ്ങളൊന്നും കൂടാതെ കടന്നുപോയതോടെ പ്രവചനം പാളി.

പിന്നാലെ തത്സുകി ട്രോളുകളിലും നിറഞ്ഞു. എന്നാൽ സുനാമി ഇന്നലെ ജപ്പാനിലും എത്തിയതോടെ, വൈകിയാണെങ്കിലും തത്സുകിയുടെ പ്രവചനം ഫലിച്ചെന്നാണ് ചിലരുടെ വാദം. ജപ്പാനിൽ 20,000ത്തോളം പേരുടെ ജീവനെടുത്ത, 2011ലെ ഭൂകമ്പവും സുനാമിയും ജാപ്പനീസ് ബാബാ വാൻഗ എന്നറിയപ്പെടുന്ന തത്സുകി പ്രവചിച്ചിരുന്നെന്നാണ് അവരുടെ ആരാധകർ പറയുന്നത്.

കോമിക് ഇല്ലുസ്‌ട്രേറ്ററായ തത്സുകി 1999 രചിച്ച 'ദ ഫ്യൂച്ചർ ഐ സോ' എന്ന ചിത്രകഥാ പുസ്തകത്തിലാണ് പ്രവചനങ്ങളുള്ളത്. താൻ കണ്ട സ്വപ്നങ്ങൾ തത്സുകി ചിത്രകഥാ രൂപത്തിൽ (മാംഗ) ആക്കുകയായിരുന്നത്രെ. ഗായകൻ ഫ്രെഡി മെർക്കുറി (മരണം-1991), ഡയാന രാജകുമാരി (മരണം-1997) എന്നിവരുടെ മരണത്തെ പറ്റിയും വർഷങ്ങൾക്ക് മുന്നേ തത്സുകി സ്വപ്നം കണ്ടെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്.