തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്റായി ഖുഷ്‌ബുവിനെ നിയമിച്ചു, നടൻ വിജയ് എൻഡിഎ സഖ്യത്തിലേക്ക് വരണമെന്ന് താരം

Thursday 31 July 2025 8:09 AM IST

ചെന്നൈ: തമിഴ്‌‌നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുഷ്‌ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് താരത്തിന് പ്രധാനപ്പെട്ട പദവി നൽകിയിരിക്കുന്നത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ ഖുഷ്ബു കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി പരിപാടികളിൽ നിന്ന് അകലം പാലിച്ചിരുന്നു. താരം രാഷ്ട്രീയത്തിൽ സജീവമായി തുടരുമോയെന്ന ചോദ്യങ്ങൾ ഉയർന്നുവരുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം.

ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഖുഷ്ബു പിന്നീട് കോൺഗ്രസിൽ ചേരുകയും 2020ഓടെ ബിജെപിയിൽ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഗര മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാർട്ടിയുടെ തീരുമാനത്തിൽ താൻ സന്തോഷവതിയാണെന്ന് ഖുഷ്‌ബു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ചതിന് മുതിർന്ന പാർട്ടി നേതാക്കളോടും താരം നന്ദി അറിയിച്ചു. നടൻ വിജയ് നയിക്കുന്ന തമിഴകം വെട്രി കഴകത്തെ എൻഡിഎ സഖ്യത്തിലേയ്ക്കും താരം ക്ഷണിച്ചു.