'ഇതൊന്നും എന്നെ ബാധിച്ചിട്ടില്ല, ഒരിക്കലും ബാധിക്കുകയുമില്ല' കാസ്റ്റിംഗ്  കൗച്ച്  ആരോപണത്തിൽ പ്രതികരിച്ച് വിജയ് സേതുപതി

Thursday 31 July 2025 10:16 AM IST

നടൻ വിജയ് സേതുപതിക്കെതിരെ ഉയർന്ന കാസ്റ്റിംഗ് കൗച്ച് ആരോപണം സിനിമ ലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. രമ്യ മോഹൻ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിലൂടെയാണ് നടനെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണം ഉയർത്തി യുവതി രംഗത്തെത്തിയത്. ഇതിനെത്തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ താരത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി.

ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും തന്നെ മനഃപ്പൂവ്വം ശ്രദ്ധാകേന്ദ്രമാക്കുന്നതിനു വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും വിജയ് സേതുപതി പറഞ്ഞു. തന്നെ അറിയുന്നവര്‍ ഇതൊന്നും ഗൗരവമായി എടുക്കില്ല. ആരോപണങ്ങള്‍ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വിഷമിപ്പിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ആരോപണം ഉന്നയിച്ച വ്യക്തിയുടെ ലക്ഷ്യം താല്‍ക്കാലിക പ്രശസ്തിയാണെന്നും നടൻ സൂചിപ്പിച്ചു. സൈബര്‍സെല്ലിൽ പരാതി നല്‍കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ സമാനമായ പ്രചാരണങ്ങൾ നേരിട്ട തനിക്ക് ഇത്തരം ആരോപണങ്ങൾ നേരിടുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്നും ഒരിക്കലും ബാധിക്കുകയില്ലെന്നും വിജയ് സേതുപതി ഉറപ്പിച്ചു പറഞ്ഞു. രമ്യ മോഹൻ എന്ന സ്ത്രീയുടെ എക്സ് അക്കൗണ്ടിൽ ഇപ്പോൾ പോസ്റ്റ് ‌ ഡിലീറ്റ് ചെയ്തതായാണ് കാണപ്പെടുന്നത്.