ABCD പഠിക്കാൻ രണ്ടര ലക്ഷം, മലയാളികളുടെ പ്രിയനഗരത്തിൽ മക്കളെ പഠിപ്പിക്കണമെങ്കിൽ കുടുംബം 'വിൽക്കേണ്ടി വരും'

Thursday 31 July 2025 11:19 AM IST

ഹൈദരാബാദ്: സ്വന്തം മക്കളുടെ വിദ്യാഭ്യാസ ചെലവോർത്ത് ആശങ്കപ്പെടുന്ന അനേകം രക്ഷിതാക്കൾ നമുക്ക് ചു​റ്റുമുണ്ട്. ഇപ്പോഴിതാ അവരുടെ നെഞ്ചിടിപ്പിന്റെ ആക്കം കൂട്ടുന്ന തരത്തിലുളള ഒരു വിവരമാണ് സോഷ്യൽ മീഡിയയിലുടനീളം ചർച്ചയായിരിക്കുന്നത്. ബംഗളൂരു കഴിഞ്ഞാൽ മലയാളികളുടെ പ്രിയനഗരമായ ഹൈദരാബാദിലെ ഒരു പ്രമുഖ വിദ്യാലയത്തിൽ നഴ്സറിയിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് വാങ്ങുന്ന ഫീസിന്റെ വിവരങ്ങളാണ് പുറത്തുവന്നിട്ടുളളത്.

2025-26 അദ്ധ്യയന വർഷത്തേക്ക് മാത്രം രണ്ടര ലക്ഷം രൂപയാണ് നഴ്സറി വിദ്യാർത്ഥികൾക്കായി സ്‌കൂളുകാർ വാങ്ങുന്ന ഫീസ്. അതായത് നഴ്സറിയിൽ പഠിക്കുന്ന ഒരു കുട്ടിയെ ആദ്യാക്ഷരങ്ങൾ പഠിപ്പിക്കുന്നതിനായി ഒരു മാസം 21,000 രൂപയാണ് ഫീസിനത്തിൽ വാങ്ങുന്നത്. പോസ്​റ്റിലെ വിവരങ്ങളനുസരിച്ച്, ട്യൂഷൻ ഫീസ് - 47,750 രൂപ, അഡ്മിഷൻ ഫീസ് -5000 രൂപ,ഇനിഷിയേഷൻ ഫീസ് -12,500 രൂപ. റീഫണ്ടബിൾ ഡെപ്പോസി​റ്റ് -10,000 രൂപ എന്നിങ്ങനെയാണ്.

രക്ഷിതാക്കൾ നാല് ഘടുവായിട്ടാണ് ഈ ഫീസുകൾ അടച്ചുതീർക്കേണ്ടത്. ജൂൺ, സെപ്​റ്റംബർ, ഡിസംബർ, മാർച്ച് എന്നീ മാസങ്ങളിലായി ആകെ രണ്ടര ലക്ഷം രൂപ അടച്ചിരിക്കണം. ഈ സ്‌കൂളിലെ മ​റ്റ് ക്ലാസുകളുടെ ഫീസ് വിവരങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രീ പ്രൈമറി -2,72,400 രൂപ, ഒന്നാം ക്ലാസ് -2,91,460 രൂപ, മൂന്നാം ക്ലാസ് -3,22,350 രൂപ എന്നിങ്ങനെയാണ്.

അനിരുദ്ധ തിവാരി എന്ന പേരിലുളള ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഈ വിവരങ്ങളുളളത്. ഈ പോസ്​റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇത് സ്‌കൂളാണോ അതോ പഞ്ചനക്ഷത്ര ഹോട്ടലാണോയെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. അതേസമയം, ചിലർ പോസ്​റ്റിനെ ന്യായീകരിക്കുന്നുമുണ്ട്.

പ്രഗത്ഭരായ അദ്ധ്യാപകരായിരിക്കും ഇങ്ങനെയുളള സ്‌കൂളുകളിലെ ജീവനക്കാരെന്നും സ്‌കൂളുകളിൽ വിപുലമായ സൗകര്യങ്ങൾ ഉളളതുകൊണ്ടായിരിക്കും ഭീമൻ തുക ഫീസായി വാങ്ങുന്നതെന്നാണ് വാദം. ബംഗളൂരുവിലെ ചില സ്‌കൂളുകളിൽ ഇതിനേക്കാൾ ഉയർന്ന ഫീസാണ് വാങ്ങുന്നതെന്നാണ് ചിലർ പറയുന്നത്. നഗരങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൾ നഴ്സറി ക്ലാസുകൾക്ക് പത്ത് ലക്ഷം, പതിനൊന്നാം ക്ലാസിന് 27 ലക്ഷം, പന്ത്രണ്ടാം ക്ലാസിന് 35 ലക്ഷം എന്നിങ്ങനെയാണ് ഫീസ്.