ധർമസ്ഥലയിൽ നിർണായക വഴിത്തിരിവ്; ആറാം പോയിന്റിൽ അസ്ഥികൂട അവശിഷ്‌ടങ്ങൾ

Thursday 31 July 2025 2:07 PM IST

ബംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ നിർണായക വഴിത്തിരിവ്. സാക്ഷി പറഞ്ഞ സ്ഥലങ്ങൾ കുഴിച്ച് നടത്തിയ പരിശോധനയിൽ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ആറാമത്തെ പോയിന്റിൽ രണ്ടടി കാഴ്‌ചയിൽ കുഴിച്ചപ്പോഴാണ് അസ്ഥികൂടത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടത്.

പുരുഷന്റെ അസ്ഥിയാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന പരിശോധനയിൽ ആദ്യമായാണ് അവശിഷ്‌ടങ്ങൾ ലഭിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന ഫോറൻസിക് സംഘം കൂടുതൽ പരിശോധനയ്‌ക്കായി അവശിഷ്‌ടങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ ഫോറൻസിക് പരിശോധന നടത്തിയ ശേഷമേ വ്യക്തത വരികയുള്ളു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നേത്രാവതി നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലങ്ങളിൽ ആദ്യത്തെ പോയിന്റ് ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച സാക്ഷിയുടെ സാന്നിദ്ധ്യത്തിൽ കുഴിച്ചിരുന്നു. ജലപ്രവാഹം ഉണ്ടായതിനെത്തുടർന്ന് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും റവന്യു വകുപ്പ് ജീവനക്കാരും ജെസിബി ഉപയോഗിച്ച് ആഴത്തിൽ കുഴിച്ചെങ്കിലും സ്ഥലത്ത് അവശിഷ്‌ടങ്ങൾ ഒന്നും കണ്ടെത്താനായില്ല.

16 വര്‍ഷത്തിനിടെ അരങ്ങേറിയ ക്രൂരമായ ലൈംഗിക പീഡനങ്ങളേയും കൊലപാതകങ്ങളേയും കുറിച്ച് ഈ മാസം ആദ്യമാണ് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. 1998-2014 കാലഘട്ടത്തിലാണ് ബലാത്സംഗങ്ങള്‍ അരങ്ങേറിയത്. ഇരകളായവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇരകളുടെ മൃതദേഹങ്ങള്‍ പുറംലോകം അറിയാതെ കുഴിച്ച് മൂടാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു.

ജോലി ചെയ്തിരുന്ന കാലത്ത് തന്നെ ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിക്കാനും പരാതി പറയാനും തയ്യാറായിരുന്നുവെന്നെങ്കിലും കടുത്ത ഭീഷണിയും മര്‍ദ്ദനവും കാരണം ഭയന്ന് പിന്‍മാറുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. ധര്‍മസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലാണ് ഇയാള്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. കുറ്റബോധം തോന്നുകയും ഇരകള്‍ക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം ഇയാള്‍ പൊലീസിനെ സമീപിച്ചത്.