'ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ല, കന്യാസ്‌ത്രീകളുടെ ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാം'; അമിത് ഷാ

Thursday 31 July 2025 4:40 PM IST

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകാനുള്ള നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും ഇതിനെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നും അമിത് ഷാ പറഞ്ഞു. യുഡിഎഫ്, എൽഡിഎഫ് എംപിമാർ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇവരോടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറ‌ഞ്ഞു.

സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് അമിത് ഷാ നേരത്തേ വിവരങ്ങൾ തേടിയിരുന്നു. എംപിമാർ നൽകിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്‌തെന്നും സൂചനയുണ്ട്. ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലായിരുന്നു ഇത്.

കഴിഞ്ഞ വെളളിയാഴ്ചയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ സഹായത്തിനായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇവിടെ പെൺകുട്ടികൾ കന്യാസ്ത്രീകളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെൺകുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റില്ലായിരുന്നു.

തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാൻ കന്യാസ്ത്രീകൾ എത്തുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് ബജ്‌റംഗ്‌ദൾ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെൺ‌കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ആളുകൾ ആരോപിക്കുകയായിരുന്നു.