ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകളെല്ലാം മോശമെന്ന് ആൾദൈവം 'പൂക്കി ബാബ', കടന്നാക്രമിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

Thursday 31 July 2025 5:03 PM IST

ലിവ്-ഇൻ ബന്ധങ്ങളിലെ സ്ത്രീകളെക്കുറിച്ച് അധിക്ഷേപ പരാമർശം നടത്തിയ 'പൂക്കി ബാബ' എന്നറിയപ്പെടുന്ന ആത്മീയ നേതാവ് അനിരുദ്ധാചാര്യയ്ക്കെതിരെ വിമർശനവുമായി നടി ദിഷ പഠാനിയുടെ സഹോദരിയും മുൻ ഇന്ത്യൻ ആർമി ഓഫീസറും ഫിറ്റ്നസ് പരിശീലകയുമായ ഖുഷ്ബു പഠാനി.

നാലും അഞ്ചും പങ്കാളികളുമായി ഉറങ്ങിയ 25 വയസ്സുള്ള സ്ത്രീകളെയാണ് പുരുഷന്മാർ വീട്ടിലേക്ക് വിവാഹം കഴിച്ച് കൊണ്ടു വരുന്നതെന്ന അനിരുദ്ധാചാര്യ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ലിവ്-ഇൻ ബന്ധങ്ങളിൽ രണ്ട് പങ്കാളികളും ഉൾപ്പെടുന്നുവെന്ന് എടുത്തുകാണിച്ചുകൊണ്ട്, അനിരുദ്ധാചാര്യയുടെ പരാമർശങ്ങളിലെ ഇരട്ടത്താപ്പിനെ ഖുഷ്ബു പഠാനി ചോദ്യം ചെയ്യുകയും മറുപടി നൽകുന്ന ഒരു വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

ലിവ്-ഇൻ ബന്ധങ്ങളിലെ പുരുഷന്മാരെക്കുറിച്ച് അദ്ദേഹം എന്താണ് പറയാത്തത്? സ്ത്രീ ഒറ്റയ്ക്കാണോ ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടുന്നത്? ലിവ്-ഇൻ ബന്ധങ്ങളിൽ എന്താണ് ഇത്ര തെറ്റ്? വിവാഹത്തിന് മുമ്പ് ലിവ്-ഇൻ ചെയ്യാനും കുടുംബങ്ങളെ തകർക്കാതിരിക്കാനും ബുദ്ധിപരമായ തീരുമാനം എടുക്കുന്നതിൽ എന്താണ് കുഴപ്പം? ദേഷ്യം അടക്കാനാവാതെ ഖുഷ്ബു പഠാനി വീഡിയോയിലൂടെ ചോദിച്ചു.

കടുത്ത ഭാഷയിലാണ് ആൾ ദൈവത്തെയും അനുയായികളെയും പഠാനി വിമർശിച്ചത്. പൂക്കി ബാബയെ രാജ്യദ്രോഹിയെന്നും ഇയാളെപ്പോലുളളവരെ പിന്തുണയ്ക്കുന്നവരെ ഭീരുക്കളെന്നും ഖുഷ്ബു വിളിച്ചു. ചില സ്ത്രീകളെ മാത്രം ഉദ്ദേശിച്ചാണ് താൻ പരാമർശം നടത്തിയതെന്ന് പറഞ്ഞു കൊണ്ട് അനിരുദ്ധാചാര്യ ക്ഷമാപണം നടത്തിയെങ്കിലും ഇയാൾക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്നത്.