മഴപ്പേടിയിൽ അവധിമാറ്റം : ഭീഷണിയായി കൊടുംചൂട്

Friday 01 August 2025 12:38 AM IST

കോട്ടയം : മഴയെപ്പേടിച്ച് വേനൽ അവധി മാറ്റുന്നതിന് കുറിച്ചുള്ള ചർച്ചകൾക്ക് മന്ത്രി തുടക്കമിട്ടതോടെ മദ്ധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന കോട്ടയത്ത് വിദ്യാർത്ഥികളെ എങ്ങനെ ബാധിക്കുമെന്ന ചോദ്യമുയരുന്നു. തുടർച്ചയായി ഏപ്രിൽ മാസങ്ങളിലെ ചില ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ജില്ലയാണ് കോട്ടയം. 40 ഡിഗ്രി വരെ എത്തിയ സമയവുമുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലെ വേനലവധി ജൂൺ,​ ജൂലായ് മാസങ്ങളിലേയ്ക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് ഉയരുന്നത്. എന്നാൽ ഈ രണ്ട് മാസങ്ങളിലും ശരാശരി 36 ഡിഗ്രി സെൽഷ്യസും ചില ദിവസങ്ങളിൽ അതിന് മുകളിലുമാണ് ചൂട്. ഫാനോ എ.സിയോ ഇല്ലാതെ ഇരിക്കാൻ പോലുമാവില്ലാത്ത സ്ഥിതി. ഈ സാഹചര്യത്തിൽ എങ്ങനെ സ്വസ്ഥമായി ഇരുന്ന് കുട്ടികൾ പഠിക്കുമെന്നാണ് ചോദ്യം. ഇതിന് പുറമേയാണ് കുടിവെള്ളക്ഷാമവും ഉച്ചഭക്ഷണം തയ്യാറാക്കാനുള്ള ബുദ്ധിമുട്ടും. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളിൽ പുറത്ത് നിന്ന് വെള്ളമെത്തിച്ച് ഉച്ചഭക്ഷണം ഒരുക്കേണ്ടി വരും. ഉച്ചയൂണ് സമയത്ത് കുട്ടികളെ പുറത്ത് ഇറക്കാനും കഴിയില്ല. സൂര്യാഘാതമേൽക്കാനുള്ള സാദ്ധ്യതയേറെയാണ്.

വേണം വലിയ മുന്നൊരുക്കം

ആയിരങ്ങൾ പഠിക്കുന്ന സ്കൂളുകളിൽ കുടിവെള്ള ക്ഷാമം

ക്ളാസുകളിൽ ഫാനും എ.സിയും ഒരുക്കേണ്ടി വരും

ചൂട് കാരണം പുറത്ത് പോയി കളിക്കാൻ കഴിയില്ല

മരങ്ങൾ നട്ട് സ്കൂൾ പരിസരത്ത് തണൽ ഒരുക്കണം

യൂണിഫോമിന് പകരം അയഞ്ഞ മറ്റ് കോട്ടൺ വസ്ത്രങ്ങൾ

 തണ്ണീർപ്പന്തലടക്കം ഒരുക്കി കുട്ടികൾ കുടിവെള്ള സൗകര്യം

മിന്നൽ ഭീഷണിയും

കഴിഞ്ഞ 16 വർഷത്തിനിടെ സംസ്ഥാനത്ത് എറ്റവും കൂടുതൽ മിന്നലുകൾ ഉണ്ടായത് കോട്ടയത്താണ്. കേരളത്തിലെ ശരാശരി മിന്നലിന്റെ തോത് പ്രതിവർഷം ഒരു ചതുരശ്ര കിലോമീറ്ററിൽ 20 വരെയാണെങ്കിൽ ഈ കാലയളവിൽ ജില്ലയിലും സമീപ പ്രദേശങ്ങളിലും ഒരു ചതുരശ്ര കിലോമീറ്ററിൽ 70 വരെ മിന്നലുകളാണ് രേഖപ്പെടുത്തിയത്. ഏറെയും ഉച്ചയ്ക്ക് ശേഷമാണ്. കുട്ടികളെ വീട്ടിലേയ്ക്ക് വിടുന്ന സമയങ്ങളിൽ മിന്നലുണ്ടായാൽ വൻഅപകടങ്ങൾക്ക് വഴിവയ്ക്കും

മൂന്ന് വർഷങ്ങളിലെ കൂടിയ താപനില

2023 : 38 ഡിഗ്രി

2024 : 40 ഡിഗ്രി

20225 : 39 ഡിഗ്രി