നടൻ കെപിഎസി രാജേന്ദ്രൻ മരിച്ചു; ശ്രദ്ധേയനായത് ഉപ്പും മുളകിലെ കുട്ടൻപിള്ള എന്ന കഥാപാത്രത്തിലൂടെ

Thursday 31 July 2025 5:42 PM IST

ആലപ്പുഴ: പ്രമുഖ നാടക കലാകാരനും നടനുമായ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 50 വർഷത്തിലേറെയായി നാടക രംഗത്ത് സജീവമായിരുന്നു കെപിഎസി രാജേന്ദ്രൻ. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ഉൾപ്പെടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു.

നാടകരംഗത്ത് ഏറെക്കാലം അഭിനയിച്ചിട്ടുണ്ടെങ്കിലും 'ഉപ്പും മുളകും' എന്ന പരമ്പരയിലെ പടവലം കുട്ടൻപിള്ള എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സീരിയലുകൾക്ക് പുറമേ മിന്നാമിനുങ്ങ്, ഇന്നുമുതൽ തുടങ്ങിയ സിനിമകളിലും രാജേന്ദ്രൻ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു അദ്ദേഹം. കെപിഎസി കൂടാതെ സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.