വീട്ടമ്മയിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച സ്ത്രീ പിടിയിൽ

Friday 01 August 2025 1:58 AM IST

കാട്ടാക്കട: കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിൽ പച്ചക്കറി വാങ്ങാനെത്തിയ വീട്ടമ്മയുടെ പക്കൽനിന്ന് സ്വർണവും പണവും രേഖകളും അടങ്ങിയ കവർ മോഷ്ടിച്ച സ്ത്രീ പിടിയിൽ. കിള്ളി സ്വദേശിനി യഹിയ നൽകിയ പരാതിയിൽ നെടുമങ്ങാട് സ്വദേശിനിയായ ശ്യാമള(65)​യെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. 24 ഗ്രാം തൂക്കം വരുന്ന മാല,രണ്ട് ഗ്രാമിന്റെ ലോക്കറ്റ്,നാല് ഗ്രാം തൂക്കം വരുന്ന മോതിരം,​7000 രൂപ,എ.ടി.എം കാർഡ്, ആദാർ കാർഡ് തുടങ്ങിയ രേഖകളാണ് മോഷണം പോയത്. മാർക്കറ്റിലേക്ക് വരുമ്പോൾ വീട്ടിൽ പണവും സ്വർണവും സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് കയ്യിൽ കരുതിയതെന്ന് യഹിയ പൊലീസിനോട് പറഞ്ഞു.

മാർക്കറ്റിൽനിന്ന് സാധനം വാങ്ങി തിരിച്ചുപോകവെയാണ് പണവും സ്വർണവും അടങ്ങിയ കവർ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിനൽകുകയായിരുന്നു. കാട്ടാക്കട പൊലീസ് സിസി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ മോഷണ ശേഷം ചന്തയ്ക്കു മുന്നിൽ നിന്ന് ഓട്ടോയിൽകയറി നെടുമങ്ങാടേക്ക് പോയതായി കണ്ടെത്തി. നെടുമങ്ങാട് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ദൃശ്യങ്ങളിലുള്ളതെന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും കുറച്ചു തുകയും കുറച്ച് സ്വർണവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബാക്കിയുള്ള സ്വർണവും പണവും എന്തു ചെയ്തവെന്ന് ഇവർ പൊലീസിനോട് പറഞ്ഞിട്ടില്ല. കസ്റ്റഡിയിലുള്ളപ്രതിയെ കോടതിയിൽ ഹാജരാക്കി.