വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ഗജറാണിക്ക് കർക്കടക സുഖചികിത്സ

Friday 01 August 2025 2:07 AM IST

വർക്കല: ഗജറാണി സരസ്വതിക്ക് ഒരു മാസം നീണ്ടുനിൽക്കുന്ന കർക്കടക സുഖചികിത്സയ്ക്ക്, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിൽ തുടക്കമായി. 2019ൽ ഗജറാണിപ്പട്ടം ലഭിച്ച ആനയാണിത്.

ദേവസ്വം ബോർഡ് വെറ്ററിനറി ഡോക്ടർ അരവിന്ദിന്റെ നേതൃത്വത്തിലാണ് ചികിത്സ. ശരീരപുഷ്ടിക്കുള്ള ആയുർവേദ മരുന്നുകൾ ചേർത്ത് ഉരുളകളാക്കി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിഷ്ണു.പി.എസ് ആനയ്ക്ക് നൽകി. സാധാരണ കൊടുക്കാറുള്ളതിനെക്കാൾ കൂടുതൽ ആഹാരം നൽകുകയും നല്ല വിശപ്പുണ്ടാക്കുകയുമാണ് ചികിത്സയുടെ ഉദ്ദേശ്യം.

കർക്കടകം തുടങ്ങും മുൻപുതന്നെ വിരയിളക്കാനുള്ള മരുന്ന് നൽകി ആനയെ ചികിത്സയ്ക്ക് സജ്ജമാക്കിയിരുന്നു. ദഹന വർദ്ധനയ്ക്ക് നൽകുന്നത് അഷ്ടചൂർണമാണ്. ച്യവനപ്രാശം ലേഹ്യവും നൽകും. കരളിന്റെ പ്രവർത്തനം മെച്ചമാക്കാനുള്ള മരുന്നുകൾ, ലവണങ്ങൾ,വൈറ്റമിൻ ഗുളികകൾ തുടങ്ങിയവയാണ് ക്രമത്തിൽ നൽകാറുള്ളത്.

സാധാരണ നൽകാറുള്ള തെങ്ങോല, പനമ്പട്ട എന്നിവയ്ക്ക് പുറമെ അധികയളവിൽ ചോറും നൽകും.

ചെറുപയർ,എള്ള്,തേങ്ങ എന്നിവയും അങ്ങാടി മരുന്നുകൾക്കൊപ്പം ഭക്ഷണത്തിൽ നല്ലൊരളവിൽ ഉൾപ്പെടുത്തുന്നുണ്ട്. ചികിത്സാസമയത്ത് ആനയ്ക്ക് പൂർണ വിശ്രമവും നിർബന്ധമാണ്.ഓഫീസ് ജൂനിയർ സൂപ്രണ്ടന്റ് ജെ.എസ്.വിഷ്ണു,ഒന്നാം പാപ്പാൻ രാമചന്ദ്രൻ,രണ്ടാം പാപ്പാൻ സതീഷ് എന്നിവരാണ് സുഖചികിത്സ നൽകുന്നത്.