വീട്ടിൽ പാറ്റയടക്കമുള്ള പ്രാണികളുടെ ശല്യമുണ്ടോ, പ്രശ്നം പരിഹരിക്കാൻ ഇതാ എളുപ്പവഴി
നമ്മുടെ ദൈനംദിന ദിനചര്യകളിലെ ഒട്ടും ശ്രദ്ധിക്കാതെ പോകുന്ന ചില ശീലങ്ങളാണ് വീടിനുള്ളിൽ പാറ്റ പോലുള്ള ചില പ്രാണികൾ പെരുകുന്നതിന് കാരണമാകുന്നത്. വിള്ളലുകൾ, കൃത്യമായി അടയ്ക്കാത്ത പൈപ്പുകൾ എന്നിവയിലൂടെ പ്രാണികൾക്ക് വീടുകളിലേക്ക് എളുപ്പം പ്രവേശിക്കാൻ കഴിയും. ഇത്തരം തെറ്റുകൾ പരിഹരിക്കാൻ ചില നുറുങ്ങ് വിദ്യകളുണ്ട്.
ഭക്ഷണ അവശിഷ്ടങ്ങൾ, സിങ്കിൽ കെട്ടിക്കിടക്കുന്ന വെള്ളം എന്നിവ ഉറുമ്പുകളെയും പാറ്റകളെയും ആകർഷിക്കുകയും അവ പെറ്റ് പെരുകുന്നതിന് കാരണമാവുകയും ചെയ്യുന്നു. കിടക്കുന്നതിന് മുമ്പ് പാത്രങ്ങൾ കഴുകുകയോ സിങ്ക് ഏരിയ നന്നായി തുടയ്ക്കുകയോ ചെയ്യുന്നത് ഇത്തരം പ്രാണികളെ കുറയ്ക്കാൻ ഒരു പരിധി വരെ സഹായിക്കും. വീട്ടിലെ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രങ്ങൾ വീടിനകത്തോ പുറത്തോ വയ്ക്കുന്നത്, കീടങ്ങൾക്ക് ഭക്ഷണം ലഭിക്കാൻ എളുപ്പമാർഗമാകും. പ്രാണികളെ അകറ്റി നിർത്താൻ, ഭക്ഷണത്തിന് ശേഷം പാത്രങ്ങൾ വൃത്തിയാക്കി വായു കടക്കാത്ത പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. വെളിച്ചമില്ലാത്ത,വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ് പ്രധാനമായും പ്രാണികൾ കാണപ്പെടുന്നത്.
കൂടാതെ,അലങ്കോലമായ കോണുകളോ കാർഡ്‌ബോർഡ് പെട്ടികളുടെ കൂട്ടങ്ങളോ അവയ്ക്ക് കൂടുകൂട്ടാൻ അവസരമൊരുക്കുന്നു. ഫർണിച്ചറുകൾ വൃത്തിയാക്കുക, കാർഡ്‌ബോർഡിന് പകരം പ്ലാസ്റ്റിക് സ്റ്റോറേജ് ബിന്നുകളിൽ വേസ്റ്റ് നിക്ഷേപിക്കുക എന്നിവ വീട്ടിൽ നിന്ന് പാറ്റകളെ അകറ്റി നിർത്താൻ സഹായിക്കും. മണ്ണിലെ അധിക ഈർപ്പം, ചെടിച്ചട്ടികൾക്കടിയിലെ ട്രേകളിൽ അടിഞ്ഞുകൂടുന്ന വെള്ളം എന്നിവ ഫംഗസ്, കൊതുകുകൾ, പൂപ്പൽ ഇഷ്ടപ്പെടുന്ന പ്രാണികൾ തുടങ്ങിയ കീടങ്ങൾക്ക് അനയോജ്യമായ ഒരു ഈർപ്പമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് തടയാൻ, ചെടികൾ ആവശ്യാനുസരണം മാത്രം നനയ്ക്കുക, ശരിയായ ഡ്രെയിനേജ് ഉറപ്പാക്കുക എന്നിങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും