കോടികൾ മുടക്കി നിർമ്മിച്ച ജലസംഭരണി നാശത്തിലേക്ക്

Friday 01 August 2025 4:59 AM IST

വെഞ്ഞാറമൂട്: കോടികൾ മുടക്കി നിർമ്മിച്ച ശുദ്ധജലസംഭരണി നാശത്തിന്റെ വക്കിൽ.വെള്ളാണിക്കൽ പാറമുകളിൽ മൂന്ന് പഞ്ചായത്തുകൾക്ക് ശുദ്ധജല വിതരണം നടത്തുന്നതിനു വേണ്ടി നിർമ്മിച്ച ജലസംഭരണിയാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്. കാടുകയറിയും സാമൂഹിക വിരുദ്ധരുടെ ശല്യത്താലും നശിക്കുന്ന ജലസംഭരണിയെ അധികൃതർ മറന്ന മട്ടാണ്.സംഭരണിയുടെ സംരക്ഷണത്തിനായി നിർമ്മിച്ച ചുറ്റുമതിലും ഗേറ്റും അടിച്ചുതകർത്ത നിലയിലാണ്. വെള്ളാണിക്കൽ പാറമുകൾ വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപത്തുള്ള ഉയർന്ന സ്ഥലത്താണ് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. ടാങ്കിന്റെ ചുറ്റിനും കാട് വളർന്നതിനാൽ ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണ് പരാതി. 40 അടിയിലേറെ ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ടാങ്കിന് മുകളിൽ ആളുകൾ കയറുന്നുമുണ്ട്. മൂന്ന് പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്ന ഈ പദ്ധതി അധികൃതർ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പദ്ധതി ആരംഭിച്ചത് - 2021ൽ

വാമനപുരം,നെല്ലനാട്,മാണിക്കൽ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി മാണിക്കൽ പഞ്ചായത്ത് പരിധിയിലെ വെള്ളാണിക്കൽ പാറമുകളിലാണ് ജലസംഭരണി സ്ഥാപിച്ചത്.

പ്രഖ്യാപനം മാത്രം

ജലജീവൻ മിഷന്റെ ഭാഗമായ പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാന ജലഅതോറിട്ടിയാണ്. 5.5 ലക്ഷം ലിറ്റർ ജലസംഭരണശേഷിയുള്ള ടാങ്കാണ് നിർമ്മിച്ചിരിക്കുന്നത്. 2വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കി ജലവിതരണം ആരംഭിക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരുന്നത്.

ടാങ്ക് മാത്രം നിർമ്മിച്ചു

പദ്ധതി ആരംഭിച്ച് 4 വർഷം പിന്നിട്ടിട്ടും ടാങ്ക് നിർമ്മാണം മാത്രമാണ് നിലവിൽ പൂർത്തിയായത്.മൂന്ന് പഞ്ചായത്തും 10 ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് വിഹിതവും ജലഅതോറിട്ടി ഫണ്ടുമടക്കം 2 കോടിയിലേറെ തുക ചെലവാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ പദ്ധതിയുടെ 40 ശതമാനം പോലും പൂർത്തിയാക്കാനായിട്ടില്ലെന്നാണ് ആക്ഷേപം.