പ്ളാറ്റിനം ജൂബിലി നിറവിൽ മാർ ഇവാനിയോസ് കോളേജ്, ബഥനിക്കുന്നിലെ ദീപസ്തംഭം

Friday 01 August 2025 3:14 AM IST

തിരുവന്തപുരം നാലാഞ്ചിറയിലെ ബഥനി ഇളംപച്ച കുന്നുകൾക്കു മുകളിൽ മനോഹരമായി സ്ഥിതിചെയ്യുന്ന മാർ ഇവാനിയോസ് കോളേജ്, ഒരു പഠനകേന്ദ്രം മാത്രമല്ല, കഴിഞ്ഞ 75 വർഷങ്ങളായി ആഴമേറിയ ദർശനത്തിന്റെയും അച്ചടക്കത്തിന്റെയും രാഷ്ട്രനിർമ്മിതിയുടെയും ഒരു സങ്കേതമായി ഈ കലാലയം നിലകൊള്ളുന്നത് അഭിമാനാർഹമാണ്. 1901-ൽ രബീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ പോലെ ഒരേസമയം ഇന്ത്യൻ പാരമ്പര്യങ്ങളെയും ആധുനിക ആശയങ്ങളെയും കോർത്തിണക്കി പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന വിദ്യാഭ്യാസവും സർഗാത്മകതയും വിമർശനാത്മക ചിന്തയും സാംസ്‌കാരിക വളർച്ചയും രൂപപ്പെടുത്തുന്ന ഒരു കലാലയമെന്ന നിലയിലാണ് 1949-ൽ ധന്യൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് ഈ വിദ്യാഭ്യാസസ്ഥാപനം രൂപകല്പന ചെയ്തത്.

പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം പരിമിതമായിരുന്ന കാലഘട്ടത്തിൽ, യുവാക്കളുടെ ജീവിതങ്ങളിൽ വെളിച്ചം കൊണ്ടുവരുന്ന ഒരു സരസ്വതീക്ഷേത്രം കേരളത്തിലുണ്ടാകണമെന്നും വിശ്വാസവും യുക്തിയും അച്ചടക്കവും കാരുണ്യവും പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന ഒരു സ്ഥാപനമായി അത് മാറണമെന്നും അദ്ദേഹം സ്വപ്നംകണ്ടു. ആദ്യത്തെ പ്രിൻസിപ്പലായ ബെനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവും,​ തുടർന്ന് നിയമിതരായ ഓരോ പ്രിൻസിപ്പൽമാരും സ്ഥാപകന്റെ ദർശനത്തിൽ സജീവമായി നിലനിന്നുകൊണ്ട് ഉത്തരവാദിത്വമുള്ള തലമുറകളെ രൂപപ്പെടുത്തുന്നത് തുടർന്നുകൊണ്ടിരിക്കുന്നു.

ദർശനത്തിന്റെ

പ്രതിഫലനം

ഇന്നു കാണുന്ന മാർ ഇവാനിയോസ് ഓട്ടോണമസ് കോളേജിന് ധന്യനായ മാർ ഇവാനിയോസിന്റെ വിദ്യാഭ്യാസ ദർശനത്തിന്റെ കരുത്തുണ്ട്. അക്കാഡമിക് മികവു മാത്രമല്ല, സ്വഭാവം, നേതൃത്വം, ശക്തമായ ധാർമ്മിക ദിശാസൂചകം എന്നിവ വളർത്തിയെടുക്കുന്ന സ്ഥാപനമായാണ് മാർ ഇവാനിയോസ് വിഭാവനം ചെയ്യപ്പെട്ടത്ത്. മാർ ഇവാനിയോസിന് സത്യം വെറുമൊരു ദാർശനിക ആശയമായിരുന്നില്ല, മറിച്ച് മനുഷ്യ സ്വാതന്ത്റ്യത്തിന്റെ സത്തയായിരുന്നു.

മാർ ഇവാനിയോസ് കോളേജിന്റെ അനുദിന പ്രവർത്തനങ്ങളിൽ അതിന്റെ ആഴത്തിലുള്ള അർത്ഥവത്തായ ആപ്ത വാക്യമാണ് 'വെരി​റ്റാസ് വോസ് ലിബറബി​റ്റ്." വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള (8:32) ഈ കാലാതീതമായ വാക്കുകൾ ഓരോ വിദ്യാർത്ഥിയുടെയും അദ്ധ്യാപകന്റെയും അക്കാഡമികവും ആത്മീയവുമായ യാത്രയെ പ്രചോദിപ്പിക്കുന്നതാണ്. മാർ ഇവാനിയോസ് കോളേജിന്റെ ദൗത്യങ്ങൾ നിരവധിയാണ്. സേവനത്തിന്റെയും സത്യത്തിന്റെയും ക്രൈസ്തവ പാരമ്പര്യത്തിൽ വേരൂന്നിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം,​ അക്കാഡമിക് സ്വാതന്ത്റ്യവും നവീകരണവും പരസ്പര സാംസ്‌കാരിക ധാരണയും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം,​ പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ഗവേഷണം, സർഗാത്മകത, വിമർശനാത്മകചിന്ത എന്നിവയുടെ പ്രോത്സാഹനം ഇവയൊക്കെ ആ ദൗത്യങ്ങളുടെ ഭാഗമാണ്. ഒപ്പം,​ പിന്നാക്കം നിൽക്കുന്നവരെ മാ​റ്റത്തിന്റെ വക്താക്കളായി ശാക്തീകരിക്കുന്നതിലും,​ പാരിസ്ഥിതിക ഉത്തരവാദിത്വബോധവും ധാർമ്മിക പൗരത്വവും വളർത്തിയെടുക്കുന്നതിലും മാർ ഇവാനിയോസ് ശ്രദ്ധവയ്ക്കുന്നു.

മികവിന്റെ

സംസ്‌കാരം

മാർ ഇവാനിയോസ് കോളേജിന്റെ മുഖമുദ്റ അക്കാഡമിക് മികവാണ്. സ്വയംഭരണ പദവി നേടുകയും നാക് 'എ++" ഗ്രേഡോടെ അംഗീകാരം നേടുകയും ചെയ്ത കേരളത്തിലെ ആദ്യത്തെ സ്ഥാപനങ്ങളിലൊന്നായ ഈ കോളേജ്, ഉയർന്ന അക്കാഡമിക് നിലവാരം, നൂതന അദ്ധ്യാപന രീതികൾ, മുൻനിര ഗവേഷണം എന്നിവയ്ക്ക് പ്രശസ്തി നിലനിർത്തിയിട്ടുണ്ട്. ശാസ്ത്രവിഷയങ്ങളും ഭാഷ, കൊമേഴ്സ്, മീഡിയ തുടങ്ങി വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകളുടെ വിശാലമായ ശ്രേണി മാർ ഇവാനിയോസ് കോളേജിന്റെ പ്രത്യേകതയാണ്. ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട ഗവേഷകരും എഴുത്തുകാരുമൊക്കെ അടങ്ങുന്ന സംഘമാണ് ഇവിടെ അക്കാഡമിക് വകുപ്പുൾ നയിക്കുന്നത്. മൂല്യവർദ്ധിത കോഴ്സുകൾ, സർട്ടിഫിക്ക​റ്റ് പ്രോഗ്രാമുകൾ, നൈപുണ്യ വികസന സംരംഭങ്ങൾ എന്നിവയിലൂടെ അക്കാഡമിക് അനുഭവത്തെ കൂടുതൽ മികവുറ്റതാക്കുകയും ചെയ്യുന്നു.

മാർ ഇവാനിയോസ് കോളേജിന്റെ ഇടനാഴികളിൽ പുസ്തകത്താളിലെ അറിവുകൾ മാത്രമല്ല, സംഗീതം, നൃത്തം, നാടകം, ഊർജ്ജസ്വലമായ കലാപ്രകടനം എന്നിവയും പ്രതിദ്ധ്വനിക്കുന്നുണ്ട്. സർവകലാശാലാ കലാമേളകളിൽ അംഗീകാരങ്ങൾ നേടുന്നതു മുതൽ ശക്തമായ സാമൂഹിക- രാഷ്ട്രീയ നാടകവേദികൾ അവതരിപ്പിക്കുന്നതു വരെ, ഇവാനിയോസിലെ കുട്ടികൾ അവരുടെ സർഗാത്മക കഴിവ് സ്ഥിരമായി തെളിയിച്ചിട്ടുണ്ട്. കോളേജിലെ നാടക ക്ലബ്ബ്, സംഗീതസംഘം, സംവാദവേദി, സാഹിത്യ കൂട്ടായ്മ എന്നിവ അവരുടെ സർഗാത്മകതയ്ക്ക് ശബ്ദം നൽകുന്നതിനുള്ള വേദികളായി വർത്തിക്കുന്നു.

സാഹിത്യം, സിനിമ, പത്രപ്രവർത്തനം, ഫൈൻ ആർട്സ് എന്നീ മേഖലകളിൽ തനതായ ഇടംനേടിയ നിരവധി പ്രശസ്തരായ പൂർവ വിദ്യാർത്ഥികളുടെ കേന്ദ്രമാണ് മാർ ഇവാനിയോസ് കോളേജ്. പത്രപ്രവർത്തന രംഗത്ത് നൂറ്റാണ്ട് പിന്നിട്ട 'കേരളകൗമുദി"യുടെ സാരഥിയായിരുന്ന പരേതനായ എം.എസ്. രവിയും ഇപ്പോൾ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഇളയ മകൻ ദർശൻ രവിയും പൂർവ വിദ്യാർത്ഥികളായിരുന്നുവെന്നത് അഭിമാനകരമാണ്. ദർശൻ രവിയെ ഞാൻ പഠിപ്പിച്ചിട്ടുമുണ്ട്.

നിരവധി പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ എന്നിവർക്ക് ജന്മം നൽകിയ മാർ ഇവാനിയോസ് കോളേജിന്റെ പാരമ്പര്യം ഇന്ത്യയിലെ ചുരുക്കം ചില സ്ഥാപനങ്ങൾക്കു മാത്രമേ അവകാശപ്പെടാൻ കഴിയൂ. സാമൂഹിക സേവനം ഓപ്ഷണൽ അല്ല,​ അത് ക്യാമ്പസ് ജീവിതത്തിന്റെ താളത്തിൽത്തന്നെ ഇഴചേർന്നതാണ്. എൻ.എസ്.എസ്, എൻ.സി.സി, നിരവധി ഔട്ട്റീച്ച് സംരംഭങ്ങൾ എന്നിവയിലൂടെ ഗ്രാമവികസനം, പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം, പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ നേരിട്ട് ഇടപഴകാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നു.

ശാന്തവും വിശാലവുമായ ബഥനി കുന്നിലെ ക്യാമ്പസ് വെറുമൊരു ഭൗതികസ്ഥാനം മാത്രമല്ല, മറിച്ച് അക്കാഡമിക് അന്വേഷണം, ധ്യാനം, സർഗാത്മകത, സമൂഹജീവിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രദ്ധാപൂർവ്വം രൂപകല്പന ചെയ്ത ഒരു ജീവിതാന്തരീക്ഷമാണ് ഇത്. സുസജ്ജമായ ശാസ്ത്ര ലബോറട്ടറികളും ഡിജി​റ്റൽ ക്ലാസ് മുറികളും മുതൽ ആയിരക്കണക്കിന് പുസ്തകങ്ങളും ജേണലുകളും ഉൾക്കൊള്ളുന്ന അത്യാധുനിക സെൻട്രൽ ലൈബ്രറി വരെ വിദ്യാർത്ഥികൾക്കായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. മീഡിയ സ്റ്റഡീസ് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പുകളിൽ പ്രൊഫഷണൽ സ്റ്റുഡിയോകൾ, എഡി​റ്റിംഗ് സ്യൂട്ടുകൾ, ഡിജി​റ്റൽ പ്ലാ​റ്റ്‌ഫോമുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു, ഇത് സമകാലിക ഉപകരണങ്ങളിൽ പരിശീലനം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നു. കാമ്പസ് ചാപ്പൽ, ഓപ്പൺഎയർ പ്രാർത്ഥനാ ഇടങ്ങൾ തുടങ്ങിയവ ആത്മീയ പരിപോഷണം നൽകുന്നു.

ചിന്താ നേതൃത്വം,​

നവീകരണം

സ്വയംഭരണ പദവിയും അക്കാഡമിക് പ്രശസ്തിയും നിലനിറുത്തിക്കൊണ്ട് മാർ ഇവാനിയോസ് കോളേജ് അത്യാധുനിക ഗവേഷണത്തിനും വൈജ്ഞാനിക നവീകരണത്തിനുമുള്ള ഒരു കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ട്. ഭൗതികശാസ്ത്രം, രസതന്ത്റം, ജന്തുശാസ്ത്രം, വാണിജ്യം, ഇംഗ്ലീഷ് സാഹിത്യം, മാദ്ധ്യമ പഠനം തുടങ്ങിയ വിഷയങ്ങളിൽ അംഗീകൃത ഗവേഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഫാക്കൽ​റ്റിയും വിദ്യാർത്ഥികളും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും ഗവേഷണ ഗ്രാന്റുകൾ നേടുന്നതിലും അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിലും സജീവമാണ്. അതോടൊപ്പം സാമൂഹികമായി വേരൂന്നിയ ഒരു ഗവേഷണ സംസ്‌കാരത്തെ കോളേജ് പ്രോത്സാഹിപ്പിക്കുന്നു. യൂറോപ്പ്, അമേരിക്ക, ഏഷ്യയുടെ മ​റ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലെ സർവകലാശാലകളുമായുള്ള സഹകരണത്തിലൂടെ കോളേജ് അതിന്റെ അക്കാഡമിക് ചക്രവാളങ്ങൾ നിരന്തരം വിശാലമാക്കുന്നു.

ഓർമ്മകളുടെ

കുടുംബം

അക്കാഡമിക് മേഖല മുതൽ ഭരണം വരെ, കല മുതൽ അന്താരാഷ്ട്ര നയതന്ത്റം വരെ ഏത് മേഖലയിലേക്കു നോക്കിയാലും ഒരു 'ഇവാനിയൻ" തന്റെ മുദ്റ പതിപ്പിച്ചിരിക്കുന്നത് കാണാനാകും. മാർ ഇവാനിയോസ് കോളേജിലെ പൂർവ വിദ്യാർത്ഥികൾ ഭൂഖണ്ഡങ്ങളിലുടനീളം വ്യാപിച്ചുകിടക്കുന്ന വിശാലവും ഊർജ്ജസ്വലവുമായ ഒരു ശൃംഖലയാണ് രൂപപ്പെടുത്തുന്നത്. ഒരു 'ഇവാനിയൻ,​" അത് നാസയിലും ഐ.എസ്.ആർ.ഒയിലും പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞനായാലും, പത്രപ്രവർത്തകനായാലും, ഗ്രാമീണ സ്‌കൂളിലെ യുവമനസുകളെ പ്രചോദിപ്പിക്കുന്ന അദ്ധ്യാപകനായാലും, നീതി നടപ്പിലാക്കുന്ന ന്യായാധിപനായാലും അഭ്രപാളികളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ജഗതി ശ്രീകുമാർ, ജഗദീഷ്, നന്ദു (നന്ദലാൽ കൃഷ്ണമൂർത്തി) എന്നിവരെപ്പോലെയുള്ള കലാകാരന്മാരായാലും, സഞ്ജു സാംസണെപ്പോലെ കായിക മേഖലയിലെ നിപുണ വ്യക്തിത്വങ്ങളും രാഷ്ട്രീയ രംഗത്തുള്ള മന്ത്റിമാർ, എം.എൽ.എമാർ എന്നിങ്ങനെ താൻ പഠിച്ച ഈ കലാലയത്തിന്റെ ആത്മാവിനെ മുന്നോട്ടുകൊണ്ടുപോകുന്ന അനേകം വ്യക്തിത്വങ്ങളെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ കാണാൻ സാധിക്കും.

ജൂബിലി

ജ്വാല

വിദ്യാഭ്യാസലോകം വൻ മാ​റ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയും കൃത്രിമ ബുദ്ധി, ഓൺലൈൻ പഠനം, മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണികൾ, പുതിയ ധാർമ്മിക വെല്ലുവിളികൾ എന്നിവയിലൂടെ വിദ്യാഭ്യാസത്തിന്റെ അർത്ഥം പുനർനിർവചിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് മാർ ഇവാനിയോസ് കോളേജിന്റെ പ്ലാ​റ്റിനം ജൂബിലി ആഘോഷം. പ്ലാ​റ്റിനം ജൂബിലിയിൽ നിന്ന് ശതാബ്ദിയിലേക്ക് മാർ ഇവാനിയോസ് കോളേജ് അതിന്റെ യാത്ര തുടരുമ്പോൾ ഭൂതകാലത്തോടുള്ള നന്ദിയോടെയും ഭാവിയിലുള്ള ആത്മവിശ്വാസത്തോടെയും വെല്ലുവിളികളെ തുടർന്നും സ്വീകരിച്ചുകൊണ്ട് ജൂബിലി ജ്വാല കൈമാറുന്ന കലാലയമായി പരിലസിക്കുന്നു. ആ ജ്വാല കത്തുന്നിടത്തോളം മാർ ഇവാനിയോസ് കോളേജ് സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും ജീവനുള്ള വെളിച്ചമായി തുടരും.