പേരന്റിംഗ് പരിശീലനം നല്ല തുടക്കം

Friday 01 August 2025 4:16 AM IST

മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ഏറ്റവും കൂടുതൽ താത്പര്യം കാട്ടുന്ന രക്ഷിതാക്കളുടെ നാടാണ് നമ്മുടേത്. എന്നാൽ പുതിയ കാലത്തിനനുസൃതമായി കുട്ടികളെ വളർത്തുന്ന കാര്യത്തിൽ ഇന്നത്തെ രക്ഷിതാക്കൾക്കും പരിശീലനം ആവശ്യമായിവന്നിരിക്കുന്നു. അത് മുൻകൂട്ടിക്കണ്ട് രക്ഷിതാക്കൾക്ക് ഈ അദ്ധ്യയനവർഷം മുതൽ പേരന്റിംഗ് പരിശീലനം നൽകാൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവന്നത് തികച്ചും സ്വാഗതാർഹമാണ്. പി.ടി.എകൾ വഴി ഒരു ടേമിൽ ഒരുതവണ എന്ന കണക്കിലാണ് പരിശീലന പരിപാടി നടത്താൻ തീരുമാനിച്ചിട്ടുള്ളത്. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം, ആത്മഹത്യാ പ്രവണത, അക്രമവാസന, പഠന പിന്നാക്കാവസ്ഥ തുടങ്ങിയവ പരിഹരിക്കുകയാണ് ലക്ഷ്യം.

ഇതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അരുൺ ബി. നായർ അദ്ധ്യക്ഷനായി വിദ്യാഭ്യാസ, മനഃശാസ്ത്ര, നിയമ, ഡിജിറ്റൽ രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സമിതി രൂപീകരിക്കുകയും രക്ഷാകർതൃ ബോധന മൊഡ്യൂൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാതെ മനഃശാസ്ത്ര തത്വങ്ങളിലൂടെ ശിക്ഷണവും പ്രോത്സാഹനവും നൽകാൻ രക്ഷിതാക്കളെ പരിശീലിപ്പിക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ളാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് പരിശീലനം നൽകുക. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള സ്നേഹബന്ധം ഇക്കാലത്ത് പലയിടങ്ങളിലും സങ്കീർണമായൊരു സമസ്യയായി മാറുന്നുണ്ട്. രക്ഷിതാക്കൾ അവരുടെ ബാല്യവുമായി താരതമ്യം ചെയ്ത് ഇന്നത്തെ തലമുറയെ നിയന്ത്രിക്കാൻ നോക്കുമ്പോഴാണ് പലപ്പോഴും വൈകാരിക സംഘർഷങ്ങൾ ഉടലെടുക്കുന്നത്.

ഡിജിറ്റൽ കാലഘട്ടത്തിൽ ജീവിക്കുന്ന കുട്ടികളാണ് ഇന്നുള്ളത്. അവരോട് ഇടപഴകാൻ കൂടുതൽ സമയം കണ്ടെത്തണം. തങ്ങളുടെ വരുതിയിൽ നിറുത്താൻ ശ്രമിക്കാതെ കുട്ടികളുടെ താത്പര്യങ്ങളും അവരുടെ ചിന്താഗതികളും ഉൾക്കൊള്ളാൻ രക്ഷിതാക്കൾ ശ്രമിക്കണം. ചൂരൽ വടിയുടെയോ ശാസനയുടെയോ ഭീഷണികൾ വകവയ്ക്കുന്ന ഒരു തലമുറയല്ല ഇന്നത്തേത്. അവർക്കു വേണ്ടത് സ്നേഹത്തിലും സൗഹൃദത്തിലും ഊന്നിയുള്ള പെരുമാറ്റമാണ്. രക്ഷിതാക്കളെ സുഹൃത്തിനെപ്പോലെ കാണാനാണ് അവർ ആഗ്രഹിക്കുന്നത്. അത്തരം ഘട്ടങ്ങളിൽ ബലംപിടിത്തമില്ലാതെ ഇഴുകിച്ചേർന്ന് ഇടപെടാൻ മാതാപിതാക്കൾ മുൻകൈയെടുക്കണം. എന്നാൽ ജീവിതത്തിന്റെ കയറ്റവും ഇറക്കവും മനസിലാക്കിക്കൊടുക്കാനും, പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതിനുള്ള മനക്കരുത്ത് കുട്ടികളിൽ വളർത്തിയെടുക്കാനുമുള്ള ഉത്തരവാദിത്വവും രക്ഷിതാക്കൾക്കുണ്ട്. ഏതു സമയവും പഠിക്കാൻ നിർബന്ധിക്കുന്ന ശീലം രക്ഷിതാക്കളിൽ പൊതുവെയുണ്ട്. പഠിക്കുന്നതിനൊപ്പം തനിക്കു ചുറ്റുമുള്ള സമൂഹത്തെ നിരീക്ഷിക്കാനും നല്ലൊരു മനുഷ്യജീവിയായി കുട്ടികളെ വളർത്തിയെടുക്കാനും പരിശ്രമിക്കണം.

ലഹരിയുടെ സ്വാധീനം സ്കൂളുകളിലടക്കം വർദ്ധിച്ചുവരികയാണ്. അത്തരം ചതിക്കുഴികളിൽ അകപ്പെടാതിരിക്കാൻ ഇത്തരം പരിശീലനങ്ങൾ സഹായിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അച്ചടക്കത്തിനൊപ്പം സ്നേഹവും സ്വാതന്ത്ര്യവും നൽകി കുട്ടികളെ വളർത്താനും ആരോഗ്യകരമായ വ്യക്തിബന്ധങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും രക്ഷിതാക്കൾക്ക് നൽകാൻ പോകുന്ന പരിശീലനം ഉപകരിക്കും. പുതുക്കിയ പാഠ്യപദ്ധതി പ്രകാരം പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി തലംവരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി കൈപ്പുസ്തകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി പരിശീലനം നൽകാൻ പ്രത്യേകം പി.ടി.എ യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് (എസ്.സി.ഇ.ആർ.ടി) പേരന്റിംഗ് പരിശീലനത്തിന് ചുക്കാൻ പിടിക്കുന്നത്. കുട്ടികളുടെ പഠന രംഗത്തും വ്യക്തിജീവിതത്തിലും വലിയ മാറ്റം കൊണ്ടുവരാൻ സഹായകരമായി ഈ പേരന്റിംഗ് പരിശീലനം മാറുമെന്ന് പ്രതീക്ഷിക്കാം.