പട്ടികവർഗ വിഭാഗത്തെ പ്രാപ്തരാക്കാൻ കുടുംബശ്രീ; സ്വപ്‌നമല്ല സംരംഭകത്വം
കണ്ണൂർ: കുടുംബശ്രീയുടെ കെ.ടി.ഐ.സി (കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നോവേഷൻ സെന്റർ) പദ്ധതിയുടെ ഭാഗമായി സംരംഭകരാകാൻ കണ്ണൂർ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള 23 പേർ. പട്ടികവർഗ വിഭാഗത്തിൽപെട്ടവരുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഈ പദ്ധതി വലിയ പ്രതീക്ഷയാണുയർത്തുന്നുവെന്നാണ് ഈ സംരംഭകരുടെ അഭിപ്രായം.
കഴിഞ്ഞ ഡിസംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പട്ടികവർഗവിഭാഗത്തിൽ പെട്ട 187 പേരാണ് പദ്ധതിയിൽ ആദ്യം താൽപര്യം പ്രകടിപ്പിച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ കഠിനമായ പരിശീലന പ്രക്രിയ പൂർത്തിയാക്കിയത് 23 പേർ. പേരാവൂർ, ആറളം, പയ്യാവൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ പേരും. പിന്നീട് റെസിഡൻഷ്യൽ പരിശീലനത്തിൽ 41 പേർ പങ്കെടുത്തു. എന്നാൽ മൂന്നാം ഘട്ടത്തിൽ ഏറ്റവും പ്രതിബദ്ധത കാട്ടിയ 23 പേരിലേക്ക് ലിസ്റ്റ് ചുരുങ്ങുകയായിരുന്നു.
പദ്ധതിയുടെ വിജയത്തിനായി കുടുംബശ്രീ മറ്റ് വകുപ്പുകളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. സംരംഭകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് സംരംഭകർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മൂന്ന് ഇൻക്യുബേറ്റർമാർ, ആറ് എം.ഇ.സിമാർ, രണ്ട് മെന്റർമാർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ സ്‌പെഷ്യൽ പരിശീലനം ലഭിച്ച കുടുംബശ്രീ ജില്ലാമിഷൻ ടീമാണ് സംരംഭകർക്ക് പരിശീലനം നൽകുന്നത്.
ആശയങ്ങൾക്കായി എഴുത്തുശില്പശാല
കണ്ണൂർ ശിക്ഷകസദനിൽ നടന്ന എഴുത്തുശില്പശാലയിൽ ഈ 23 സംരംഭകർ തങ്ങളുടെ സ്വപ്ന പദ്ധതികൾ അവതരിപ്പിച്ചു. പെർഫ്യൂം നിർമ്മാണം, ബ്യൂട്ടിപാർലർ, ബേക്കിംഗ്, പശുവളർത്തൽ, പാലിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം, പന്നിഫാം തുടങ്ങി വൈവിധ്യമാർന്ന സംരംഭങ്ങൾ തുടങ്ങാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.
അവരുടെ സംരംഭങ്ങൾ ഇങ്ങനെ
ഡിജിറ്റൽ മാർക്കറ്റിംഗ് കരകൗശല വസ്തുക്കൾ എംബ്രോയ്ഡറി ഉൽപ്പന്നങ്ങൾ ഗിഫ്റ്റ് ഐറ്റങ്ങൾ വന വിഭവങ്ങളുടെ വിപണനം
കാർഷിക മേഖലയിൽ: കേരള ചിക്കൻ ഫാം ക്ഷീര ഫാം കൂൺ കൃഷി മൃഗപരിപാലനം ചെറുധാന്യ ഉൽപ്പന്നങ്ങൾ തേൻ വ്യവസായം
ഭക്ഷ്യ സംസ്‌കരണം ന്യൂട്രി മിക്സ് യൂണിറ്റ് കമ്മ്യൂണിറ്റി കിച്ചൻ ചക്ക മൂല്യ വർദ്ധിത വിഭവങ്ങൾ മില്ലറ്റ് ബിരിയാണി
മറ്റ് മേഖലകളിൽ ഡിജിറ്റൽ സ്റ്റുഡിയോ വസ്ത്രനിർമ്മാണം മാലിന്യനിർമ്മാർജനം
ഉടനടി നടപടികൾ
പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, ലോൺ അനുമതി, പരിശീലനം തുടങ്ങിയ അടുത്ത ഘട്ടങ്ങൾ ഉടൻ ആരംഭിക്കും. പെട്ടെന്ന് തുടങ്ങാൻ സാധിക്കുന്ന പദ്ധതികൾ ഈ വർഷം തന്നെ തുടങ്ങാനാണ് ലക്ഷ്യം. കെ.ടി.ഐ.സി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 800 സംരംഭകരെ തിരഞ്ഞെടുത്തിട്ടുണ്ട്. സൂക്ഷ്മസംരംഭങ്ങളുടെ പ്രവർത്തനരീതിയും വിപണനവും പഠിക്കാനായി സംരംഭങ്ങൾ സന്ദർശിക്കാനുള്ള അവസരവും കുടുംബശ്രീ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്.
ഭാവി പദ്ധതികൾ പുതിയ ആശയങ്ങളിലുള്ള സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവും മാർക്കറ്റും പരിശീലനവും കുടുംബശ്രീ നേതൃത്വത്തിൽ നൽകും. സംരംഭകർക്ക് ആവശ്യമായ പരിശീലനവും മറ്റ് സഹായങ്ങളും നൽകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.