വൈദ്യുതി ബോർഡ് എന്ന ഊരാക്കുടുക്ക്
സാധാരണക്കാരായ മലയാളികളുടെ മാത്രമല്ല, ശരാശരിയിലും ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരുടെ പോലും ഇന്നത്തെ ഏറ്റവും വലിയ ഭീതിയാണ് ഒരെത്തും പിടിയുമില്ലാതെ കയറിക്കയറിപ്പോകുന്ന വൈദ്യുതി നിരക്ക്. ഓരോ തവണയും ബില്ലു കിട്ടുമ്പോൾ, 'ഇതെന്തപ്പാ" എന്ന് എങ്ങനെയൊക്കെ കൂട്ടിയും കിഴിച്ചും നോക്കിയാലും അത്രയും നിരക്ക് വന്ന വഴിയെക്കുറിച്ച് ഒരു പിടിയും കിട്ടില്ല. ബില്ലിന്റെ ഭാഷയാകട്ടെ, എത്ര ബഹുഭാഷാ പണ്ഡിതനും മനസിലാവുകയുമില്ല. വെറും ഇരുട്ടടിക്കാരൻ മാത്രമല്ല, ജീവനെടുക്കുന്ന വില്ലൻ കൂടിയാണ് വൈദ്യുതി ലൈനുകളെന്ന് നമ്മളെ ആവർത്തിച്ച് ഓർമ്മിപ്പിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഷോക്കേറ്റു മരണങ്ങളുടെ വർദ്ധനവ്. ഇക്കഴിഞ്ഞയാഴ്ച ഒരൊറ്റദിവസം മൂന്നു പേരാണ് വൈദ്യുതി ലൈനുകളിൽ നിന്ന് ആഘാതമേറ്ര് മരണമടഞ്ഞത്. അതിനും മുമ്പും പിമ്പുമുള്ള ദിവസങ്ങളിലും വൈദ്യുതി ദുരന്തങ്ങൾ വാർത്തയായി. ഒരുവർഷം ഇങ്ങനെ ഇരുനൂറ്റമ്പതോളം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്.
അതിനിടയിലാണ്, ഇലക്ട്രിക് ലൈനുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഉൾപ്പെടെ സമഗ്ര വൈദ്യുതി സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ അനുവദിച്ച 10,475 കോടി രൂപ കേരളം സ്വീകരിച്ചില്ലെന്ന വാർത്ത 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് മീറ്റർ പദ്ധതി 2026-ൽ പൂർത്തിയാക്കണമെന്നായിരുന്നു, ആ തുക നല്കുന്നതിന് കേന്ദ്രം വച്ചിരുന്ന ഉപാധി. അത് സ്വീകാര്യമല്ലാതിരുന്ന കേരളം കേന്ദ്ര വാഗ്ദാനം കണ്ണുമടച്ച് നിരസിച്ചു. വൈദ്യുതി വിതരണ- പ്രസരണത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കുമായി ആവിഷ്കരിച്ച 3.03 ലക്ഷം കോടി രൂപയിൽ നിന്നുള്ള വിഹിതമാണ് നമ്മൾ വേണ്ടെന്നുവച്ചതെന്ന് ഓർക്കണം. ആ അഹങ്കാരം കാണിക്കുമ്പോഴും വൈദ്യുതി ബോർഡിന്റെ വീരവാദത്തിന് ഒരു കുറവുമുണ്ടായില്ല! അഞ്ച് പട്ടണങ്ങളിൽ കംപ്യൂട്ടർ നിയന്ത്രിത വൈദ്യുതി വിതരണ സംവിധാനം, 227 ട്രാൻസ്ഫോർമറുകൾ, ആകെ ഏഴായിരത്തോളം കിലോമീറ്റർ ദൈർഘ്യത്തിൽ കവചിത ചാലകങ്ങൾ, നാലര ലക്ഷത്തിലധികം പോസ്റ്റുകളുടെ എർത്തിംഗ് ശൃംഖല... പിന്നെയുമുണ്ടായിരുന്നു, കുറേ 'കുന്ത്രാണ്ടക്കിനാവുകൾ!"
പക്ഷേ, വീരവാദമല്ലാതെ ഒരു കാര്യവും നടന്നില്ല. വൈദ്യുതി മേഖലയുടെ നവീകരണത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റും വേണ്ടുന്ന തുക സ്വന്തമായി എടുക്കാനില്ലെങ്കിൽ, കേന്ദ്ര പദ്ധതിയനുസരിച്ച് അനുവദിക്കുന്ന, ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകാത്ത ഉപാധികൾ സമ്മതിച്ച് അത് വാങ്ങിയെടുക്കുകയല്ലേ വേണ്ടത്? സ്മാർട്ട് മീറ്റർ എന്ന ഉപാധി നിരസിച്ചപ്പോൾ, പകരമായി ഞങ്ങൾ നടപ്പാക്കുമെന്ന് ഗീർവാണം മുഴക്കിയ സ്വന്തം പദ്ധതിയുടെ ആന്റിക്ളൈമാക്സ് ആണ് കേൾക്കേണ്ടത്. ആ സ്വന്തം പദ്ധതിയുടെ നടപടികൾ ടെണ്ടർ ഘട്ടത്തിൽ നില്ക്കുന്നതേയുള്ളൂ. ഇതോടെ, സംഗതി 2026-ൽ പൂർത്തിയാകില്ലെന്ന് വ്യക്തമായി. 2026-ൽ പൂർത്തിയായില്ലെങ്കിൽ കേന്ദ്ര പദ്ധതിയുടെ ആനുകൂല്യം എക്കാലത്തേക്കുമായി കേരളത്തിന് നഷ്ടമാവുകയും ചെയ്യും.
ജീവനക്കാരുടെ ശമ്പളവർദ്ധനവിന്റെ പേരിൽ വരുന്ന അധിക ബാദ്ധ്യത കൂടി വൈദ്യുതി ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കുന്ന കെ.എസ്.ഇ.ബിയുടെ ഇമ്മാതിരി തോന്ന്യാസങ്ങളെ എന്താണ് വിളിക്കേണ്ടതെന്ന് പിടിയില്ല. വൈദ്യുതിയെന്നത് അവശ്യ സംഭവമായതുകൊണ്ട് മലയാളി എല്ലാം 'ആഘാതപൂർവം" സഹിക്കുന്നു! ഈ കൊള്ളരുതായ്മകളൊക്കെക്കൊണ്ട് ആ 'വെള്ളാന" രക്ഷപ്പെടുന്നെങ്കിൽ അങ്ങനെയെങ്കിലും ഒരു സമാധാനമുണ്ടായിരുന്നു- അതുമില്ല! ഓരോ മാസം കഴിയുന്തോറും ബോർഡിന്റെ നഷ്ടക്കണക്ക് പെരുകുന്നതല്ലാതെ, ഒരു യൂണിറ്റ് പോലും കുറയുന്നില്ല. വല്ല വിധേനയും വൈദ്യുതി ബോർഡിന്റെ കെണിയിൽ നിന്ന് തലയും വലിച്ച് രക്ഷപ്പെടാൻ പുരപ്പുറ സോളാറിൽ അഭയം തേടിയവരെ കുരുക്കിലാക്കുന്ന വേലത്തരങ്ങളാണ് ഏറ്റവും ഒടുവിൽ കെ.എസ്.ഇ.ബി പയറ്റിക്കൊണ്ടിരിക്കുന്നത്! ഇതിലും ഭേദം കറണ്ടടിച്ച് ചത്തുപോകുന്നതാണെന്ന് ഈ ദുരിതം മടുത്ത ഉപഭോക്താക്കളിൽ ആർക്കെങ്കിലുമൊരാൾക്ക് തോന്നിപ്പോയാൽ അദ്ദേഹത്തെ എങ്ങനെ കുറ്റം പറയും? 'തമസല്ലോ സുഖപ്രദം!"