നിർമ്മാണം ഒക്ടോബറിൽ തുടങ്ങും തലശേരി കടൽപാലത്തിനടുത്ത് വരുന്നു ആകാശനടപ്പാത
തലശേരി: പൈതൃക നഗരിയായ തലശേരിയിൽ കടൽപ്പാലം കേന്ദ്രീകരിച്ച് എലിവേറ്റഡ് വാക് വേ ഒരുക്കുന്നു.തലശ്ശേരി ടൂറിസത്തിന് രാജ്യാന്തര നിലവാരവും മുഖവും നൽകുന്നതാകും എലിവേറ്റഡ് വാക് വേ. ഇതിന്റെ നിർമ്മാണം ഒക്ടോബറിൽ തുടങ്ങും.പദ്ധതിക്കായി പ്രത്യേകം ചുമതലപ്പെടുത്തിയ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷൻ പദ്ധതിയുടെ പ്രാംരംഭനടപടി തുടങ്ങി. നിർമ്മാണത്തിനായി ഈ മാസം ടെൻഡർ ക്ഷണിക്കും. ടെൻഡർ നടപടിക്ക് മുന്നോടിയായി സ്പീക്കർ എ.എൻ ഷംസീറും കെ.ഐ.ഐ.ഡി.സി, ജി.എസ്.എൽ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു.സ്പീക്കറുടെ അദ്ധ്യക്ഷതയിൽ നഗരസഭ കോൺഫറൻസ്ഹാളിൽ ചേർന്ന യോഗത്തിൽ എലിവേറ്റഡ് ഹൈവേയുടെ രൂപരേഖയുടെ പ്രദർശിപ്പിച്ചു. നഗരസഭ ചെയർമാൻ കെ.എം.ജമുനറാണി, വൈസ്‌ചെയർമാൻ എം.വി.ജയരാജൻ, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കുമാർ, ജെ.എസ്.എൽ പ്രതിനിധികളായ പ്രഭുചന്ദ്രൻ, സുഭാഷ് ബാലസുബ്രഹ്മണ്യം, കെ.ഐ.ഐ.ഡി.സി ജനറൽ മാനേജർ കെ.എസ്.ശോഭ, ഡപ്യൂട്ടി ജനറൽ മാനേജർമാരായ എൻ.ടി.ഗംഗാധരൻ, ഷാഗിൻ, ആർകിടെക്ട് അശ്വിൻ, പ്രൊജക്ട് എൻജിനിയർ അർച്ചന, പ്രൊജക്ട് കോഡിനേറ്റർ വൈശാഖ്, നഗരസഭ സ്ഥിരംസമിതി ചെയർമാൻ സി.സോമൻ, കൗൺസിലർമാരായ സി.ഒ.ടി ഷെബീർ, എ.ടി ഫിൽഷാദ്, നഗരസഭസെക്രട്ടറി സുരേഷ്‌കുമാർ, എൻജിനിയർ ഷജിൽ എന്നിവരും പങ്കെടുത്തു.
എലിവേറ്റഡ് വാക് വേ തലശേരിയിലെ ടൂറിസം വികസനരംഗത്തെ വലിയചുവടുവെപ്പാകും. പാരമ്പര്യ ഭക്ഷ്യവിഭവങ്ങൾ ആസ്വദിച്ച്, കടൽകാഴ്ചകൾ കണ്ട് ഇതിലൂടെ നടക്കാൻ സാധിക്കും. കടൽപാലവും പരിസരവും തലശേരിയിലെ പ്രധാന ടൂറിസം സ്‌പോട്ടായി ഭാവിയിൽ മാറും.കൂടുതൽ വിനോദസഞ്ചാരികളെ പൈതൃകനഗരിയിലേക്ക് ആകർഷിക്കാനും ഇതിലൂടെ കഴിയും. കടൽപാലത്തിൽ നിന്ന് തുടങ്ങി ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവും മുഴപ്പിലങ്ങാട് ബീച്ചും ഉൾപ്പെടുന്ന ടൂറിസം ഇടനാഴി വടക്കൻകേരളത്തിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായും അതിവേഗം വളരുകയാണ്- സ്പീക്കർ എ.എൻ.ഷംസീർ
സൗന്ദര്യവത്കരണത്തിന് 7കോടി
നവകേരള സദസിൽ നിർദേശിക്കപ്പെട്ട തലശേരി സെന്റിനറിപാർക്ക് മുതൽ സീവ്യൂപാർക്ക് വരേയുള്ള സൗന്ദര്യവത്ക്കരണത്തിന് ഏഴുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.
നിർമ്മാണം സ്റ്റെയിൻലെസ് സ്റ്റീലിൽ
ജിൻഡാൽ സ്റ്റെയിൻലെസ് (ജി.എസ്.എൽ) ആണ് പദ്ധതിയുടെ കൺസൾട്ടന്റ്. ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. പൂർണമായും സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മാണം. നൂറുവർഷമെങ്കിലും പോറലേൽകാതെ നിൽകുന്ന മികച്ച സ്റ്റീലാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് ജി.എസ്.എൽ പ്രതിനിധികൾ പറഞ്ഞു.
എലിവേറ്റഡ് വാക് വേ
31 കോടി ചിലവ്(കിഫ്ബി)
4 മീറ്റർ വീതി