അവധി മഴക്കാലത്തേക്ക് മാറ്റുന്നതിൽ വിദ്യാർത്ഥികൾക്ക് രണ്ടഭിപ്രായം

Friday 01 August 2025 1:20 AM IST

ആലപ്പുഴ: സ്കൂളുകളിലെ വേനലവധി മഴക്കാല അവധിയാക്കി മാറ്റിയാലോ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്യാർത്ഥികൾ.

മുൻവർഷങ്ങളിലെല്ലാം ചൂട് വർദ്ധിച്ച സാഹചര്യത്തിൽ വേനൽക്കാല ക്ലാസുകൾ വലിയ ബുദ്ധിമുട്ടാകുമെന്നാണ് ചിലരുടെ അഭിപ്രായം.

സ്കൂളുകളിൽ നിന്ന് കുട്ടികളെ പുറത്തിറക്കാൻ പോലും പറ്റാത്ത സാഹചര്യമായിരിക്കും. മഴക്കാലത്ത് കുട്ടികളുടെ കായിക വിനോദങ്ങൾ നടക്കില്ല എന്നുള്ള അഭിപ്രായം ഉയരുന്നുണ്ട്.

മഴക്കാല അവധി വന്നാൽ കുട്ടികൾ സുരക്ഷിതരായി വീടുകളിൽ ഇരിക്കും. വെള്ളക്കെട്ടും ശക്തമായ മഴയും കാറ്റുമുള്ള ദിവസങ്ങളിൽ കുട്ടികൾ സ്കൂളിലെത്തി തിരിച്ചെത്തുന്നത് വരെ സമാധാനമുണ്ടാവില്ല...തുടങ്ങിയ അഭിപ്രായങ്ങൾ ചില രക്ഷകർത്താക്കളും പങ്കുവയ്ക്കുന്നുണ്ട്.

മഴക്കാലത്ത് അവധി നൽകുന്നതാണ് നല്ലത്. കുട്ടനാടൻ പ്രദേശങ്ങളിൽ മഴക്കാലത്ത് സ്കൂളിലേക്ക് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യമാണ്. ഞാൻ ആലപ്പുഴ നഗരത്തിലെ സ്കൂളിലാണ് പഠിക്കുന്നത്. വെള്ളം കയറി കുട്ടനാട്ടിലെ ഗതഗാതം നിറുത്തുമ്പോൾ സ്കൂളിലേക്ക് എത്തിപ്പെടാൻ പറ്റാറില്ല. ഈ സമയങ്ങളിൽ ക്ലാസുകൾ നഷ്ടമാകും

ഇന്ദ്രജിത് പി. പിള്ള

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി

എസ്.ഡി.വി ബോയ്സ് സ്കൂൾ ആലപ്പുഴ

വേനൽക്കാല അവധി വേണമെന്നതാണ് അഭിപ്രായം. കുടുംബവുമൊത്തുള്ള യാത്രകളെല്ലാം ഉണ്ടാവുന്നത് വേനൽക്കാലത്താണ്. മഴക്കാലത്ത് പുറത്തേക്ക് പോലും ഇറങ്ങാനാവില്ല. കുറച്ച് ദിവസത്തെ ക്ലാസുകൾ നഷ്ടമാകുന്നത് പരിഹരിക്കാവുന്നതേയുള്ളു

അഞ്ജന രാജ്

പത്താംക്ലാസ് വിദ്യാർത്ഥിനി

ഗവ. ഹൈസ്കൂൾ കാക്കാഴം

കാലാവസ്ഥ എപ്പോഴും മാറി വരുന്ന സാഹചര്യമാണിപ്പോൾ. ജൂൺ, ജൂലായ് മാസത്തിൽ വലിയ അപകടങ്ങൾ ഉണ്ടാവാറുണ്ട്. ചൂരൽമലയിലുണ്ടായത് നമ്മൾ കണ്ടതാണ്. ഈ സമയങ്ങളിൽ വീടുകളിൽ സുരക്ഷിതരായി ഇരിക്കുന്നതാണ് നല്ലത്.

സിയ റോസ്

പത്താംക്ലാസ് വിദ്യാ‌ർത്ഥി

എ.ഡി.വി ഗേൾസ് സ്കൂൾ, ആലപ്പുഴ

ഇപ്പോൾ തുട‌ർന്ന് പോകുന്നതുപോലെ വേനലവധി തന്നെയാണ് നല്ലത്. വേനൽക്കാലത്ത് ക്ലാസുകൾ വച്ചാൽതളർന്നുപോകും. ഓരോ വർഷം കഴിയുമ്പോഴും ചൂടിന്റെ കാഠിന്യം വർദ്ധിക്കുകയാണ്.

ഗായത്രി എസ്. നായർ

എട്ടാംക്ലാസ് വിദ്യാർത്ഥിനി

മാതാ സീനിയർ സെക്കൻഡറി സ്കൂൾ

തുമ്പോളി

വേനൽക്കാലത്ത് ക്ലാസ് വയ്ക്കുന്നത് കുട്ടികളെയും അദ്ധ്യാപകരെയും ക്ഷീണിതരാക്കും. ഇപ്പോൾ ജനുവരി അവസാനം മുതൽ ചൂട് കൂടി വരുന്ന അവസ്ഥയാണ്. ഉച്ചയാകുമ്പോൾ എല്ലാവരും തളരും. മഴക്കാലത്ത് കുട്ടികളെ സുരക്ഷിതരായി ക്ലാസുകളിൽ ഇരുത്തിയാൽ മാത്രം മതി. എന്നാൽ വേനൽക്കാലത്ത അവസ്ഥ അതല്ല.

പ്രിയ തോമസ്

അദ്ധ്യാപിക

ഗവ. യു.പി.എസ്, തിരുവമ്പാടി