മാഹിയിലെ സ്വർണ്ണക്കവർച്ചാക്കേസ് പ്രതിയുമായി ഇരിട്ടിയിൽ തെളിവെടുപ്പ് കവർന്ന സ്വർണത്തിൽ ഒരു ഭാഗം ധനകാര്യസ്ഥാപനത്തിൽ വിറ്റു

Thursday 31 July 2025 10:29 PM IST

ഇരിട്ടി: തലശ്ശേരി മലബാർ കാൻസർ സെന്ററിലെ നഴ്സ് ആലപ്പുഴ സ്വദേശനി മിനി രവീന്ദ്രന്റെ മാഹി പന്തക്കലിലെ വാടക വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതി ആറളം വെളിമാനത്തെ പി.ദിലീപ് എന്ന ചേട്ടൻ ബാവയെ പന്തക്കൽ പോലീസ് ഇരിട്ടിയിൽ എത്തിച്ച് തെളിവെടുത്തു.കവർച്ച ചെയ്ത സ്വർണ്ണത്തിന്റെ ഒരുഭാഗം ഇരിട്ടിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിറ്റതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈയാളെ ഇരിട്ടിയിൽ എത്തിച്ച് തെളിവെടുത്തത്.

ദിലീപിന്റെ ഭാര്യ ഷൈനിയും സഹോദരൻ പി.ദിനേശ് എന്ന അനിയൻ ബാവയും കേസിൽ അറസ്റ്റിലായിരുന്നു. കവർച്ച ചെയ്ത 15 പവൻ സ്വർണാഭരണങ്ങൾ അനിയൻ ബാവയിൽ നിന്ന് കണ്ടെത്തിയിരുന്നു. ബാക്കി 10 പവൻ സ്വർണം ഇനിയും കണ്ടെത്തേണ്ടതുണ്ട്. ദീലീപും ഭാര്യയും ഇത് കൊല്ലത്ത് വില്പന നടത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം.

മാഹി സി ജെ.എം കോടതി റിമാൻഡ് ചെയ്ത ദിനേശിനെ മാഹി സി ഐ പി.എ.അനിൽകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിന് എത്തിച്ചത്. എസ്‌.ഐ.സുരേഷ് ബാബു, എ.എസ്‌.ഐമാരായ വിജീഷ് , സുരേന്ദ്രൻ, റഷീദ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.