അരങ്ങിൽ നിറഞ്ഞാടി, ഒരു തുണ്ട് ഭൂമിയില്ലാതെ മടക്കം
കായംകുളം: ജീവിതം നാടകത്തിനായി സമർപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ഇന്നലെ അന്തരിച്ച കെ.പി.എ.സി രാജേന്ദ്രൻ. അരനൂറ്റാണ്ടായി പ്രൊഫഷണൽ നാടക രംഗത്ത് പ്രവർത്തിക്കുന്ന രാജേന്ദ്രൻ കെ.പി.എ.സിയുടെ നട്ടെല്ലായിരുന്നു. പക്ഷേ സ്വന്തമായി ഒരുതുണ്ട് ഭൂമിപോലും ഇല്ലാതെ പൊതാസ്മശാനത്തിൽ അന്തിയുറങ്ങാനാണ് രാജേന്ദ്രന്റെ വിധി.
കാനം രാജേന്ദ്രന്റെ ശുപാർശയുമായി 1983 ലാണ് ജന്മനാടായ മുണ്ടക്കയത്തുനിന്ന് കെ.പി.എ.സിയിൽ എത്തിയത്.കെ.പി.എ.സിയുടെ സ്ഥിരം നടനായതോടെ കായംകുളത്ത് വാടക വീടുകളിലായി താമസം.കഴിഞ്ഞ 25 ന് കെ.പി.എ.സിയിൽ നടന്ന നാടക റിഹേഴ്സലിന് ശേഷമാണ് രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാലഞ്ച് ട്രൂപ്പുകളിൽ അഭിനയിച്ച് പ്രശസ്തി നേടിയ ശേഷമായിരുന്നു കായംകുളത്തേക്കുള്ള വരവ്. കാമ്പിശേരി കരുണാകരനും പി.ജെ ആന്റണിയും,ഒ.മാധവനും അനശ്വരമാക്കിയ തോപ്പിൽ ഭാസിയുടെ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ പ്രധാന കഥാപത്രമായ പരമുപിള്ള രാജന്ദ്രന്റെ കൈകളിൽ ഭദ്രമായിരുന്നു.
കഥാപാത്രങ്ങളായ പരമുപിള്ളയും പടവലം കുട്ടൻപിള്ളയും വലിയ ഭൂസ്വത്തിന് ഉടമകളായ ജൻമിമാരായിരുന്നുവെങ്കിലും രാജേന്ദ്രൻ ദരിദ്രനായിരുന്നു.മൂന്നാം ക്ളാസിൽ പഠിക്കുമ്പോൾ സ്കൂൾ നാടത്തിൽ അഭിനയിച്ചാണ് അരങ്ങിലെത്തിയത്.തോപ്പിൽ ഭാസിയുടെ അടുത്ത് വരുന്നതിന് മുമ്പ്തിലകൻ,എസ്.പി പിള്ള,അടൂർ പങ്കജം തുടങ്ങിയവരോടൊപ്പം അഭിനയിച്ചു.
ചാൻസ് തേടി എങ്ങും പോയിട്ടില്ലാത്ത രാജേന്ദ്രൻ സുഹൃത്തും സീരിയൽ സംവിധായകനുമായ ഉണ്ണിക്കൃഷ്ണന്റെ സ്നേഹപൂർവ്വമായ നിർബന്ധത്തെ തുടർന്നാണ് ടി.വി സീരിയലായ ഉപ്പും മുളകിലും അഭിനയിച്ചത്. അതിലെ പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കിയതോടെ പ്രശസ്തനായി. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാതെയാണ് അനശ്വര കലാകാരൻ അരങ്ങൊഴിഞ്ഞത്.