ജനത്തിന് പിന്നാലെ കുതിച്ചുപാഞ്ഞ് തെരുവ്നായ്ക്കൾ

Friday 01 August 2025 3:56 AM IST

മലയിൻകീഴ്: ഗ്രാമങ്ങളിലെ വ്യാപര സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ ആളൊഴിഞ്ഞ ഇടവഴികൾ എല്ലായിടത്തും തെരുവുനായ്ക്കൾ മാത്രമാണ്. വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് പായുന്ന തെരുവുനായ്ക്കളുടെ മുന്നിൽ കാൽനടയാത്രക്കാർ പെട്ടാൽ പിന്നെ പറയേണ്ട്. ജനങ്ങളുടെ പരാതിയിൽ പരിഹാരം കാണാനുള്ള അധികൃതരുടെ ശ്രമങ്ങളും വെട്ടം കാണാതെപോയി. വിളപ്പിൽ,മലയിൻകീഴ്,മാറനല്ലൂർ,വിളവൂർക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ കൂട്ടമുണ്ടാകും.

 കാരണം മാലിന്യ നിക്ഷേപം കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ യുവാവിനെ പേയാട്- വിളപ്പിൽശാല റോഡിൽ തെരുവ് നായ് കടിച്ച് പരിക്കേല്പിച്ചതാണ് ഒടുവിലത്തെ സംഭവം. തെരുവ് നായ്ക്കളുടെ ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും അധികൃതർക്ക് യാതൊരു കുലുക്കവുമില്ലെന്നാണ് പരാതി. ഇവിടുത്തെ മാലിന്യ നിക്ഷേപമാണ് തെരുവ് നായ്ക്കൾ ഇവിടെ താവളമടിക്കാൻ കാരണമെന്നാണ് പരാതി. നിരവധി പേരാണ് നിത്യേന തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നത്.

 പ്രധാന കേന്ദ്രങ്ങൾ

വിളപ്പിൽശാല ഗവ.ആശുപത്രിക്ക് മുന്നിൽ, മലയിൻകീഴ് താലൂക്ക് ആശുപത്രി,മലയിൻകീഴ് ഊറ്റുപാറ,ഗേൾസ് ഹയ‌ർ സെക്കൻഡറി സ്കൂൾ ഗേറ്റ്,ശ്രീകൃഷ്ണപുരം,മഞ്ചാട്,വിയന്നൂർക്കാവ്,ശാന്തുമൂല,കരിപ്പൂര്,പാലോട്ടുവിള,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം മലയിൻകീഴ്(കൃഷ്ണമംഗലം),മേപ്പൂക്കട പൊതുമാർക്കറ്റുകളിൽ നായ്ക്കളുടെ കൂട്ടം എപ്പോഴുമുണ്ടാകും.

 പുതിയ ആയുർവേദ ആശുപത്രി തെരുവ്നായ്ക്കൾ കൈയടക്കിയ മട്ടാണ്.

 മലയിൻകീഴ് ക്ഷേത്ര ജംഗ്ഷനിൽ കടകൾക്ക് മുന്നിൽ കൂട്ടമായി നായ്ക്കളുണ്ടാകും.

 ഫലം കാണാതെ വന്ധ്യകരണം

തെരുവ് നായ്ക്കളുടെ വന്ധ്യകരണം നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ പലപ്പോഴും ലഭ്യമാകാറില്ലെന്നും പരാതിയുണ്ട്. ആക്രണത്തിൽ പരിക്കേൽക്കുന്നവർ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.തെരുവ് നായ്ക്കളുടെ ശല്യത്തിന് അറുതി വരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.