എ.ഡി.ബിയിൽ നെയ്യാർ പൈപ്പ്ലൈൻ പദ്ധതി, തലസ്ഥാനത്തിന് കഞ്ഞി കുമ്പിളിൽ
തുക വെട്ടിക്കുറയ്‌ക്കാൻ നീക്കം
തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ എ.ഡി.ബി വായ്‌പയിൽ ഉൾപ്പെടുത്തിയ നെയ്യാർഡാം പൈപ്പ്ലൈൻ പദ്ധതിയുടെ തുക കുറയ്‌ക്കാൻ നീക്കം. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തിനായി കരാർ പ്രകാരം നിശ്ചയിച്ചിരുന്ന 1201 കോടി രൂപ 230 കോടി രൂപയാക്കാനാണ് ശ്രമം.
കൊച്ചി പദ്ധതിക്ക് കൂടുതൽ തുക വകയിരുത്താനുള്ള സമ്മർദ്ദത്തെ തുടർന്നാണ് വാട്ടർ അതോറിട്ടിയുടെയും ജലവിഭവ വകുപ്പിന്റെയും നീക്കമെന്നാണ് സൂചന. പേപ്പാറ,അരുവിക്കര ഡാമിൽ നിന്നുള്ള കുടിവെള്ള പദ്ധതിക്ക് ബദലായി 2015ൽ തയ്യാറാക്കിയ പ്രോജക്ടാണ് എ.ഡി.ബി വായ്പയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നത്. 2511 കോടിയുടെ വായ്‌പയിൽ തലസ്ഥാനത്തെയും കൊച്ചിയിലെയും കുടിവെള്ള വിതരണവും പരിപാലനവും 10 വർഷത്തേക്ക് സ്വകാര്യ കമ്പനിയെ ഏല്പിക്കാനാണ് പദ്ധതി.
വെട്ടിക്കുറയ്ക്കൽ നേരത്തെയും
ആദ്യഘട്ടത്തിൽ 1201 കോടിയുടെ എസ്റ്റിമേറ്റ് തിരുവനന്തപുരം നഗരസഭ നൽകിയിരുന്നെങ്കിലും പിന്നീട് ചില ഘടകങ്ങൾ ഒഴിവാക്കി 617 കോടി രൂപയാക്കി. ഇതിലാണ് വീണ്ടും മാറ്റംവരുത്താനുള്ള ഇടപെടൽ നടത്തുന്നത്. നെയ്യാർഡാമിലെ സഫാരി പാർക്കിനു സമീപം ജലസേചന വകുപ്പിന്റെ കൈവശമുള്ള 3.63 ഏക്കർ സ്ഥലത്ത് പമ്പിംഗ് സ്റ്റേഷനും ട്രീറ്റ്‌മെന്റ് പ്ലാന്റും സ്ഥാപിക്കാനാണ് നിർദ്ദിഷ്ട പദ്ധതി. നെയ്യാറിൽ ശുദ്ധീകരിക്കുന്ന വെള്ളം 24 കിലോമീറ്റർ ദൂരത്തിൽ പുതിയതായി സ്ഥാപിക്കുന്ന പൈപ്പുകളിലൂടെ പി.ടി.പി നഗറിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഓവർഹെഡ് ടാങ്കിലെത്തിക്കും.100 എം.എൽ.ഡി വെള്ളം നഗരത്തിലേക്കും 20 എം.എൽ.ഡി വെള്ളം കാട്ടാക്കട,മലയിൻകീഴ്,വിളവൂർക്കൽ,വിളപ്പിൽ,മാറനല്ലൂർ പഞ്ചായത്തുകൾക്കും വിഴിഞ്ഞം തുറമുഖത്തേക്കും നൽകും.
അവഗണന
തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് നഗരങ്ങളിലെ കുടിവെള്ള വിതരണം പരിഷ്കരിക്കുന്നതിനുള്ള പദ്ധതിയിലിപ്പോൾ തിരുവനന്തപുരം,കൊച്ചി നഗരങ്ങൾ മാത്രമാണുള്ളത്. കൊച്ചിയിലെ പദ്ധതി ഫ്രഞ്ച് കമ്പനിയായ സോയൂസ് പ്രോജക്ട്സ് ലിമിറ്റഡിന് കൈമാറാൻ അംഗീകാരമായിട്ടുണ്ട്. ഇതോടെ കൊച്ചിയിലെ പദ്ധതിയിൽ കൂടുതൽ ഘടകങ്ങൾ ഉൾപ്പെടുത്തി തുക കൂട്ടിയെടുത്തെന്നാണ് ആരോപണം. ഇതിനായി തിരുവനന്തപുരത്തെ അവഗണിക്കുകയായിരുന്നെന്നും മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.