ട്രാൻ.ബസി​ന്റെ ചി​ല്ലുകൾ തകർത്ത കേസി​ൽ പ്രതി​കൾ പി​ടി​യി​ൽ

Friday 01 August 2025 1:58 AM IST

കായംകുളം : സൈഡ് കൊടുക്കാത്തതി​ന് കെ.എസ്.ആർ.ടി​.സി​ ഓർഡിനറി ബസിന്റെ ചി​ല്ലുകൾ തകർത്ത കേസി​ലെ പ്രതി​കളെ അറസ്റ്റ് ചെയ്തു. ചേപ്പാട് കന്നിമേൽ മുറിയിൽ ഷജീന മൻസിൽ വീട്ടിൽ നിന്നും കണ്ടല്ലൂർ വില്ലേജിൽ കണ്ടല്ലൂർ കൊച്ചുപറമ്പിൽ വീട്ടിൽ താമസിച്ചു വരുന്ന ഷാജഹാൻ ( 39 ), മുതുകുളം വില്ലേജിൽ മുതുകുളം തെക്ക് മുറിയിൽ ചിറ്റേഴത്ത് വീട്ടിൽ ആന ശരത് എന്നു വിളിക്കുന്ന ശരത് (35) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴി​ഞ്ഞ 30ന് ഉച്ചയ്ക്ക് ഒൂു മണി​യോടെ ദേശീയപാതയി​ൽ കായംകുളം കൊറ്റുകുളങ്ങര ഭാഗത്ത് വച്ചാണ് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസി​ന്റെ മുൻവശത്തെ ചി​ല്ലുകൾ എതിർ ദിശയിൽ ബൈക്കിൽ വന്ന പ്രതികൾ ഹെൽമെറ്റ് വലിച്ചെറിഞ്ഞ് തകർത്തത്.

ബസിന്റെ ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേൽക്കുകയും ചെയ്തു. സംഭവശേഷം രക്ഷപ്പെട്ട പ്രതികളെ സി​.സി​ ടി​വി​ ക്യാമറകൾ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തി​രി​ച്ചറി​ഞ്ഞത്. തുടർന്ന് കനകക്കുന്ന് പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് പിടികൂടിയത്. ആന ശരത് കനകക്കുന്ന്, കരീലക്കുളങ്ങര, തൃശൂർ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയും കാപ്പാ നിയമ പ്രകാരം നടപടി നേരിട്ടിട്ടുള്ള ആളുമാണ്. ഷാജഹാൻ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയാണ്. കായംകുളം ഡിവൈ.എസ്.പി. ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ. അരുൺ ഷാ, എസ്.ഐമാരായ രതീഷ് ബാബു, കൃഷ്ണലാൽ, വിനോദ്, നിയാസ്, എ.എസ്.ഐ. ഹരി, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, മനു, പ്രശാന്ത്, അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റിമാന്റ് ചെയ്തു.