സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Friday 01 August 2025 1:58 AM IST

ചേർത്തല : ഏറ്റുമാനൂർ സ്വദേശി ജൈനമ്മയെ (48) കൊലപ്പെടുത്തിയെന്ന കേസിൽ റിമാൻഡിലായ സെബാസ്റ്റ്യനെ ഇന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. ഇതിനായുളള നടപടികൾ കോടതിയിൽ അന്വേഷണസംഘം പൂർത്തിയാക്കി. ജൈനമ്മയെ കൊലപ്പെടുത്തിയത് സെബാസ്റ്റ്യൻ തന്നെയെന്നുറപ്പി​ച്ചാണ് ക്രൈംബ്രാഞ്ചി​ന്റെ നീക്കം. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ടു നൽകിയത്. കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കി വിൽക്കുകയും ഫോൺ കൈവശംവെക്കുകയുമായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്.ഡിവൈ.എസ്.പി സാജൻ സേവ്യറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

നിരാലംബരായ സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തി സ്വത്തും ആഭരണങ്ങളും കൈവശപ്പെടുത്തുന്ന ക്രിമിനൽ സ്വഭാവം സെബാസ്റ്റ്യനുള്ളതായും റിപ്പോർട്ടിലുണ്ട്. 2024 ഡിസംബർ 23മുതൽ ജൈനമ്മയെ കാണാതായതായാണ് ഭർത്താവ് കെ.എം. മാത്യുവിന്റെ പരാതി. അന്ന് മുതൽ 25വരെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീടിരിക്കുന്ന ടവർ പരിധിയിൽ ജൈനമ്മയുടെ ഫോൺ ഉണ്ടായിരുന്നതായി​ കണ്ടെത്തിയി​രുന്നു. ഇതിനു ശേഷം ഓഫായ ജൈനമ്മയുടെ ഫോൺ ജനുവരി 5ന് ഓണാകുമ്പോഴെല്ലാം സെബാസ്റ്റ്യന്റെ വീടി​ന്റെ അതേ ടവർപരിധിയിലായിരുന്നു. ജൂലായ് 19ന് ഉച്ചക്ക് ഈരാറ്റുപേട്ട ടൗണിൽ മൊബൈൽ ഷോപ്പിൽ നിന്നും ഇയാൾ ജൈനമ്മയുടെ ഫോൺ നമ്പരിൽ 99 രൂപക്ക് റീ ചാർജ്ജ് ചെയ്തത് സി.സി. ടിവി കാമറാദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്. ജൈനമ്മയെ കാണാതായ 23ന് 25.5 ഗ്രാം തൂക്കംവരുന്ന രണ്ടായി പൊട്ടിയ സ്വർണമാല ചേർത്തല നഗരത്തിലെ സഹകരണസ്ഥാപനത്തിൽ 1,25,000 രൂപക്ക് പണയം വെക്കുകയും 25ന് സ്വർണവളയടക്കം നഗരത്തിലെ സ്ഥാപനത്തിൽ വിൽക്കുകയും ചെയ്തതായി​ കണ്ടെത്തി. 23ന് തന്നെ കൊലപാതകം നടന്നിട്ടുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ചി​ന്റെ പ്രാഥമിക വിലയിരുത്തൽ. ചേർത്തല സ്വദേശി​നി​ ബിന്ദുപത്മനാഭനെ കാണാതായതിന് പട്ടണക്കാട്,ചേർത്തല പൊലീസിലായുള്ള അഞ്ച് കേസുകളിലും സെബാസ്റ്റ്യൻ തന്നെയാണ് ഒന്നാം പ്രതി.. ഇതിൽ ആലപ്പുഴ ക്രൈംബ്രാഞ്ചാണ് നിലവിൽ അന്വേഷണം നടത്തുന്നത്.