കർക്കടക പുഴുക്ക് രുചിച്ച് പച്ചടിയിലെ കുട്ടികൾ

Friday 01 August 2025 10:35 PM IST

നെടുങ്കണ്ടം: കർക്കടക മാസത്തിൽ പരമ്പരാഗതമായി മലയാളികൾ കഴിച്ചുവരുന്ന വിഭവമായ കർക്കടകപ്പുഴുക്കിന്റെ രുചിയറിഞ്ഞ് പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിലെ കുഞ്ഞുങ്ങൾ. സ്‌കൂളിലെ മാനേജ്‌മെന്റും പി.ടി.എയും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നാണ് കർക്കടക പുഴുക്ക് തയ്യാറാക്കിയത്. ചേമ്പിൻ താൾ, ചേന, ചേമ്പ്, കാച്ചിൽ, മുതിര, കപ്പ, കാച്ചിൽ, പയറുവർഗങ്ങൾ തുടങ്ങി എല്ലാവിധ പോഷകഗുണങ്ങളും അടങ്ങിയ സാധനങ്ങളും പുഴുക്കിൽ ചേർത്തിരുന്നു. പുഴുത്തിനുള്ള സാധനങ്ങൾ കുട്ടികൾ തന്നെയാണ് കൊണ്ടുവന്നത്. കർക്കിടക പുഴുക്കിന്റെ വിതരണോദ്ഘാടനം നെടുങ്കണ്ടം ഉപജില്ലാ നൂൺ മീൽ ഓഫീസർ സുജിത് നിർവഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു, സീനിയർ അസിസ്റ്റന്റ് കെ.വി. സതീഷ് എന്നിവർ നേതൃത്വം നൽകി. സ്‌കൂൾ മാനേജർ സജി ചാലിൽ, സെക്രട്ടറി എ.വി. മണിക്കുട്ടൻ, പി.ടി.എ പ്രസിഡന്റ് പ്രസന്നകുമാർ കൊല്ലംപറമ്പിൽ, എം.പി.ടി.എ വൈസ് പ്രസിഡന്റ് മോനിഷ തുടങ്ങിയവർ പങ്കെടുത്തു.